കാബൂള്‍: അല്‍ ഖ്വയ്ദ നേതാവിനെ സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ വധിച്ചതായി അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
അല്‍ ഖ്വയ്ദയുടെ ഉയര്‍ന്ന പദവിയിലുള്ള അബു മുഹ്‌സിന്‍ അല്‍ മസ്രിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ഗാസ്‌നി പ്രവിശ്യയില്‍ നടത്തിയ ഒപ്പറേഷനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്‍കി അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ യുഎസ് തേടുന്ന കുറ്റവാളിയാണ് അബു മുഹ്‌സിന്‍ അല്‍ മസ്രി. എഫ്.ബി.ഐയുടെ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്’ പട്ടികയിലുളള ഇയാള്‍ക്കെതിരെ 2018ല്‍ യുഎസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ താലിബാനും അഫ്ഗാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് അല്‍ മസ്രിയുടെ വധം.