EDUCATION

ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 15ന്

By webdesk17

December 29, 2025

തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ്പ് ഫോര്‍ മൈനോറിറ്റീസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഡയറക്ടര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂര്‍ണമായ അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300523, 0471 2300524, 0471-2302090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

2025-26 അധ്യയന വര്‍ഷത്തില്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍(യു.ജി.സി) അംഗീകരിച്ച എല്ലാ സര്‍വകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലര്‍/ഫുള്‍ടൈം ഗവേഷണം ചെയ്യുന്ന കേരളീയര്‍ ആയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട (മുസ്‌ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ”ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ് ഫോര്‍ മൈനോറിറ്റീസ്” സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

പ്രതിമാസം 20,000 രൂപ വീതം ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കുന്നു. അപേക്ഷകര്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെയോ സര്‍കലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാര്‍ഥികള്‍ ആയിരിക്കണം. അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെഗുലര്‍/ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 30% ഫെലോഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായും 5% ഫെലോഷിപ്പുകള്‍ ഭിന്നശേഷിക്കാര്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. അപേക്ഷകരുടെ പ്രായം 40 വയസ്സില്‍ കവിയാന്‍ പാടുള്ളതല്ല. ന്യൂനപക്ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്.