സതീഷ് ബാബു

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുണ്ടായ ദുരിതങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള വലിയ നോട്ടുകള്‍ പിന്‍വലിച്ചത്. എന്തുകൊണ്ട് കറന്‍സി നിരോധനം സര്‍ക്കാര്‍ പെെട്ടന്ന് നടപ്പാക്കി എന്നത് പ്രശസ്തമായ ചോദ്യമാണ്. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേക്കും തങ്ങളുടെ കൈവശമുള്ള പണം വെറും കടലാസ് തുണ്ടായി മാറിയ ചരിത്രം ലോക ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ അതുണ്ടായി. ഇതിന്റെ കാരണം അന്വേഷിച്ച് പോകുമ്പോള്‍ എത്തിച്ചേരുക രാഷ്ട്രീയ നേതാക്കളും വന്‍ കുത്തകകളും കള്ളപ്പണം സൂക്ഷിക്കുന്ന സ്വിസ് ബാങ്കിന്റെ എക്കൗണ്ടിലേക്കാണ്.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ വന്‍ ബിസിനസുകാര്‍ അവരുടെ കള്ളപ്പണം സൂക്ഷിക്കുന്നത് സ്വിസ് ബാങ്കിലാണ്. ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ച രാജ്യം ഇന്ത്യയാണ്. കള്ളപ്പണത്തിന്റെ ആസന്ന കേന്ദ്രമായ സ്വിസ് ബാങ്ക് അതിലെ ഇടപാടുകാരുടെ പൂര്‍ണ വിവരം വെളിപ്പെടുത്തണമെന്ന് ലോകത്തിലെ പല രാജ്യങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി സ്വിസ് ബാങ്കിന്റെ ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് നാല് മാസം മുമ്പ് ഒരു പ്രധാന തീരുമാനമെടുത്തു. 2019 ആകുമ്പോഴേക്കും എല്ലാ സ്വിസ് ഇടപാടുകാരുടേയും നിക്ഷേപ സ്രോതസും വരുമാനവും വ്യക്തിഗത വിവരവും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നായിരുന്നു അത്.

ഈ രാജ്യം നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായി, വിശ്വസ്തതയോടെ കൈകാര്യം ചെയ്യാമെന്ന് സ്വിസ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുകൊടുക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിസ് പ്രധാനമന്ത്രിയെ കാണുകയും ഈ ഇടപാടിനെ സംബന്ധിച്ചുള്ള പൂര്‍ണ വിവരം സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇത് ഔദ്യോഗിക കടമയാണ്. ഓട്ടോമാറ്റിക് എക്‌ചേഞ്ച് ഫിനാന്‍ഷ്യല്‍ ആക്ട് ഇന്‍ഫര്‍മേഷന്‍ എന്ന സംവിധാനം വരുന്നതോടെ എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ രാജ്യത്തെ ബിസിനസുകാരോ രാഷ്ട്രീയക്കാരോ നിക്ഷേപിച്ച കള്ളപ്പണത്തിന്റെ അളവ് മനസ്സിലാക്കാന്‍ കഴിയും.

 

എന്നാല്‍ ഇവിടെ സ്വിസ് ഗവണ്‍മെന്റ് വിവരം നല്‍കുന്നതില്‍ ഒരു കുരുക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2018 വരെ നിലവിലുള്ള എക്കൗണ്ടുകളുടെ വിവരം കൈമാറാമെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വന്‍ കുത്തകകളും വ്യവസായികളും രാഷ്ട്രീയ മാഫിയകളും കള്ളപ്പണം നിക്ഷേപിക്കുന്നതിനുള്ള നല്ലൊരു ബാങ്കായി ഇതിനെ കാണാന്‍ പറ്റാതാവുകയും പണം പിന്‍വലിക്കാന്‍ തുടങ്ങുകയും ചെയ്തു. 2018 ആകുമ്പോഴേക്കും അവരുടെ പേരിലുള്ള എല്ലാ പണവും പിന്‍വലിച്ച് ശൂന്യമായ വിവരം നല്‍കുക എന്ന ഉദ്ദേശം മാത്രമാണ് ഈ വന്‍ നിക്ഷേപം പിന്‍വലിക്കുന്നതിന്റെ ലക്ഷ്യം. കഴിഞ്ഞ സപ്തംബറില്‍ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത പണത്തിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും പ്രധാന താഴ്ച അനുഭവപ്പെട്ടു.

1.2 ബില്യണ്‍ ഫ്രാങ്ക് (8392 രൂപയായി താഴ്ന്നു). മൊത്തം 1207 മില്യണ്‍ സ്വിസ് ഫ്രാങ്കായി താഴ്ന്നു. ഇങ്ങനെ പിന്‍വലിച്ച പണം പല മാഫിയകളേയും സഹായിക്കുന്നതിന് വേണ്ടിയാണ,് കണക്കില്‍പെടാത്ത പണം ഒരു പ്രസ്താവന നല്‍കി ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം കൊടുത്തത്. ഇതുവഴി ഭീമമായ നിക്ഷേപ വര്‍ധനവ് ഇന്ത്യയിലെ എല്ലാ ബാങ്കുകളിലും ഉണ്ടായി. 2016 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ മൊത്തം ബാങ്കുകളുടെ നിക്ഷേപം 9.9 ശതമാനമായിരുന്നത് 2016 സപ്തംബര്‍ അവസാനിക്കുമ്പോഴേക്കും വാര്‍ഷിക വളര്‍ച്ചാ നിരക്ക് 13.46 ഉം സെപ്തംബര്‍ മാസത്തെ വളര്‍ച്ചാനിരക്ക് മാത്രം 6.2 ശതമാനവും രേഖപ്പെടുത്തിയത്.

ഇന്ത്യാ ചരിത്രത്തില്‍ ആദ്യം 2016 ലെ ഏഴാം ശമ്പളക്കമ്മീഷന്‍ ജീവനക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളാണ് ഈ വന്‍ വിലവര്‍ധനവിന് കാരണമെന്ന് ധനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും സപ്തംബര്‍ മാസത്തെ മൊത്തം നിക്ഷേപ വര്‍ധനവ് 5.98 ലക്ഷം കോടിയാണ്. ഇതിന്റെ നൂറില്‍ ഒരംശം പോലം പെന്‍ഷന്‍ കുടിശ്ശികയായി ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. സ്വിസ് ബാങ്കില്‍ നിന്ന് പിന്‍വലിച്ച ഭീമമായ പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് എല്ലാ ആളുകള്‍ക്കും സ്വന്തം ഡിക്ലറേഷന്‍ നല്‍കി കള്ളപ്പണം ബാങ്കിലടക്കാനുള്ള അവസരം നല്‍കിയത് എന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ്. 2017 മാര്‍ച്ചില്‍ 50 വര്‍ഷക്കാലത്തെ ശരാശരി കുറഞ്ഞ വളര്‍ച്ചാനിരക്കാണ് നിക്ഷേപത്തിലുണ്ടായിരുന്നത്. ഈ വര്‍ധനവ് ആരെയും അത്ഭുതപ്പെടുത്തും.

500 ന്റേയും 1000 ത്തിന്റേയും പിന്‍വലിച്ച നോട്ടുകള്‍ 14.5 ലക്ഷം കോടി രൂപ വരും. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് വേണ്ടി ജനങ്ങളുടെ ഇടയില്‍ വിനിമയം നടത്തിക്കൊണ്ടിരിക്കുന്ന പണം (ബാങ്ക് ഡെപ്പോസിറ്റ് ഒഴിക) നിക്ഷേപമായി വരികയാണെങ്കില്‍ 2016 ജൂണ്‍ മാസം ഇന്ത്യയൊരു പൂര്‍ണ കറന്‍സി രഹിത രാജ്യമായിത്തീര്‍ന്നേനെ. അത് സംഭവിച്ചില്ല. പുതിയ കറന്‍സി ഇറക്കിയപ്പോള്‍ അത് വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കി കൊടുക്കാന്‍ വന്‍ കമ്മീഷന്‍ പറ്റിയെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരും.

 

ഇത് കിട്ടണമെങ്കില്‍ അധികാര സ്ഥാനത്തിരുന്ന മന്ത്രിമാരുടെ അക്കൗണ്ടിന്റെ വിവരം സര്‍ക്കാര്‍ വെളിപ്പെടുത്തണം. ബിനാമികളായി കൈവശം വെച്ചിരിക്കുന്ന ഈ പണം പുതിയ കറന്‍സിയാക്കി മാറ്റുന്നതിന് വേണ്ടിയും സ്വന്തം നിക്ഷേപമാക്കി മാറ്റുന്നതിന് വേണ്ടിയും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത വളഞ്ഞ വഴിയാണ് പെട്ടന്നുണ്ടായ കറന്‍സി നിരോധനം.

 

മാത്രമല്ല സ്വിസ് ബാങ്ക് അധികാരികള്‍ സ്വീകരിച്ച കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള നടപടി ഗവണ്‍മെന്റിന് തിരിച്ചടിയായി. ഈ പണം ഇന്ത്യയിലെ പല ബാങ്കുകളില്‍ ബിനാമി രൂപത്തില്‍ നിക്ഷേപമായി വന്നതോടു കൂടിയാണ് നിക്ഷേപനിരക്കില്‍ അപൂതപൂര്‍വമായ വളര്‍ച്ച രേഖപ്പെടുത്തിയത്. അതായത് സപ്തംബറില്‍ തന്നെ ഈ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത് കറന്‍സി നിരോധനത്തെപ്പറ്റിയുള്ള മുന്‍കൂട്ടിയുള്ള അറിവ് കിട്ടിയതിന് ശേഷമാണെന്ന് അനുമാനിക്കേണ്ടി വരും.