Connect with us

Video Stories

പ്രകൃതിദുരന്തങ്ങളും പ്രതിരോധവും

Published

on


റസാഖ് ആദൃശ്ശേരി

1924ലെ മഹാപ്രളയത്തിനുശേഷം 94 വര്‍ഷം കഴിഞ്ഞു തുടര്‍ച്ചയായി രണ്ടു വര്‍ഷം കേരളത്തെ പിടിച്ചുലച്ചു കടന്നുപോയ പ്രളയദുരന്തം വിസ്മരിക്കാനും തമസ്‌ക്കരിക്കാനും കഴിയാത്ത അധ്യായങ്ങളാണ്. എത്രയോ മനുഷ്യജീവനുകള്‍ അപഹരിക്കുകയും കോടികളുടെ നഷ്ടം വരുത്തുകയും ചെയ്ത ദുരന്തങ്ങള്‍ക്കുശേഷം ബാക്കിയാകുന്നത് ജീവന്‍ നഷ്ടപ്പെട്ടവരുടെ കണ്ണീരോര്‍മ്മകള്‍, ദുരന്തത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരുടെ നിസ്സഹായത, തകര്‍ന്നടിഞ്ഞ നാടിന്റെ ദൈന്യം എന്നിവയാണ്.
പ്രളയകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യം മലയാളി സമൂഹത്തിന്റെ ഒത്തൊരുമ തന്നെയായിരുന്നു. മത-ജാതി വിഭാഗീയതകള്‍ക്ക് അപ്പുറത്ത് പ്രവര്‍ത്തിക്കാനും സേവനം ചെയ്യാനും എല്ലാവരും തയ്യാറായിയെന്നത് മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും സാമുദായിക ധ്രുവീകരണത്തിന്റെ ആഴം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഭരിക്കുന്ന കക്ഷിയും സംഘ്പരിവാറും കഠിനപ്രയത്‌നം നടത്തികൊണ്ടിരിക്കുന്ന അവസ്ഥയില്‍. ഇന്ത്യാ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെ ഉത്തമ കാഴ്ചകളാണ് അവിടെ കണ്ടത്. മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ജാതിമത ഭേദമന്യേ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനു വേണ്ടി മുസ്‌ലിം പള്ളി വിട്ടുനല്‍കിയ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുക തന്നെ ചെയ്യും. മതേതര ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തേണ്ട ഒന്നായി അത് മാറിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തിലുണ്ടായികൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, നമ്മുടെ പാരിസ്ഥിതിക ചിന്ത തന്നെ മാറേണ്ടത് അനിവാര്യമാണ്. തുടര്‍ച്ചയായുള്ള കാലാവസ്ഥാവ്യതിയാനം, വരള്‍ച്ച, അതിവര്‍ഷം, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ തുടങ്ങിയവയുടെ കാരണങ്ങള്‍ എന്താണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് കേള്‍ക്കാന്‍ സര്‍ക്കാരുകളോ ജനങ്ങളോ തയ്യാറാകാത്തതിന്റെ ദുരന്തമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം എന്ന ആവശ്യം ഇന്നും കടലാസില്‍ ഒതുങ്ങിയിരിക്കുന്നു. ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറെ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം കേരളത്തിന്റെ കിഴക്കിനെ സമ്പുഷ്ടമാക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ പത്ത് കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിന്റെ സംരക്ഷണത്തിനായി ശാസ്ത്രീയമായി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പാടേ പുച്ഛിച്ചു തള്ളിയതിനുള്ള വിലയാണ് കൊടുക്കേണ്ടിവരുന്നത്. ഇനിയും ദുരന്തങ്ങള്‍ ഉണ്ടായതിനുശേഷം ദുരിതാശ്വാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയോ? പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ ആത്മാര്‍ത്ഥമായ നടപടികള്‍ എന്തുകൊണ്ടു ആവിഷ്‌ക്കരിക്കുന്നില്ല? ഭൂമിയുടെ സന്തുലിതാവസ്ഥ തകിടംമറിക്കുന്നതില്‍ നമ്മുടെ പങ്ക് എത്രത്തോളമുണ്ടെന്നു ചിന്തിക്കേണ്ടതല്ലെ? കാട് വെട്ടിതെളിയിച്ചും മലകള്‍ ഇടിച്ചു നിരത്തിയും കായലും പുഴയും വയലുമെല്ലാം കയ്യേറിയും പ്രകൃതിയുടെ ചൂഷകരായി മാറുമ്പോള്‍ നാം നമ്മെതന്നെയാണ് നശിപ്പിക്കുന്നതെന്നു ബോധം വരാത്തത് എന്ത്‌കൊണ്ടാണ്? ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ എം.പി പി.ടി തോമസിന്റെ ശവഘോഷയാത്ര നടത്തിയ കേരളമാണിതെന്നു ഓര്‍ക്കണം.
കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിനാവട്ടെ, അവരുടെ പാരിസ്ഥിതിക ചിന്ത കേവല യുക്തിവാദാധിഷ്ഠിതമാണ്. പാരിസ്ഥിതിക ചിന്തയെന്നാല്‍ ഇടതുപക്ഷ ചിന്ത തന്നെയാണെന്നാണ് 1992ലെ ഭൗമ ഉച്ചക്കോടിയുമായി ബന്ധപ്പെട്ടു ഇ.എം.എസ് പറഞ്ഞത്. പക്ഷെ, ഇ.എം.എസിന്റെ ഈ വാക്കുകളെയൊന്നും അംഗീകരിക്കാന്‍ സി.പി.എം തയ്യാറായില്ല. സ്ഥിരമായി നടത്തികൊണ്ടിരിക്കുന്ന യാന്ത്രിക സമരങ്ങള്‍ക്കപ്പുറം പാരിസ്ഥിതിക വിഷയങ്ങളൊന്നും കുറച്ചുകാലങ്ങളിലായി ഇടതുപക്ഷം ഏറ്റെടുത്തിട്ടില്ല. അധിനിവേശ മൂലധനത്തിന്റെയും കമ്പോളത്തിന്റെയും സ്വാധീനത്തിനു പൂര്‍ണ്ണമായും പാര്‍ട്ടി കീഴടങ്ങുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ നെല്‍പ്പാടങ്ങള്‍ നികത്തുന്നതിനെതിരെ നടന്ന സമരങ്ങളില്‍ ഇടതുപക്ഷത്തിന്റെ പങ്ക് തുലോം നിസ്സാരമായിരുന്നു. മാധ്യമങ്ങളുടെ മുഖസ്തുതിയില്‍ വീണു, വി.എസ് അച്ചുതാനന്ദന്‍ സമരരംഗത്തേക്ക് വന്നപ്പോള്‍ ‘വെട്ടിനിരത്തല്‍’ എന്നു വിളിച്ചു ആക്ഷേപിച്ചവരില്‍ ഇടതുപക്ഷക്കാരും സ്വന്തം പാര്‍ട്ടിക്കാരുമായിരുന്നു മുന്നില്‍. പാടങ്ങള്‍ നികത്തുന്നതിന്റെ പാരിസ്ഥിതികാഘാതം പാര്‍ട്ടി ഒരിക്കലും അംഗീകരിച്ചില്ല. 2008 ലെ നെല്‍വയല്‍ തണ്ണീര്‍തട നിയമം പോലും കേരളത്തില്‍ രൂക്ഷമായ ജലക്ഷാമംമൂലം ജനം ദുരിതത്തിലായപ്പോള്‍ അവര്‍ സമരരംഗത്ത് ഇറങ്ങിയതിന്റെ ഫലമായിരുന്നു. നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ അന്നു ഇടതു സര്‍ക്കാര്‍ തയ്യാറായില്ല. വി.എസ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം കിനാലൂരിലും അങ്കമാലിയിലെ തുറവൂരിലുമടക്കം ആയിരക്കണക്കിനു ഏക്കര്‍ നെല്‍പ്പാടങ്ങള്‍ നികത്തി വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. ‘തെങ്ങിന്‍ മണ്ടയില്‍ വ്യവസായം വരില്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കുപ്രസിദ്ധമാണല്ലോ. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ 2006 ലെ വി.എസ് സര്‍ക്കാര്‍ തയ്യാറായിയെന്നത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. അന്നു പ്രതിപക്ഷവും മാധ്യമങ്ങളും കോടതിയുമെല്ലാം സര്‍ക്കാരിനൊപ്പം നിന്നു. എന്നാല്‍ പദ്ധതി തകര്‍ക്കുന്നതില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുണ്ടായിരുന്ന സി.പി.എം ഔദ്യോഗിക നേതൃത്വത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല. അനവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായ പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്ക്, മെത്രാന്‍ കായലിലെ ടൂറിസം പദ്ധതി തുടങ്ങിയവക്കെതിരെ ഉയര്‍ന്നുവന്ന സമരങ്ങളില്‍ സി.പി.എം എതിര്‍ പക്ഷത്തായിരുന്നു.
കരിങ്കല്‍ ഖനനങ്ങള്‍ നിയന്ത്രിക്കുമെന്നത് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. സ്വകാര്യ മേഖലയില്‍ ഖനനം പൂര്‍ണമായും നിരോധിക്കുമെന്നും പൊതുമേഖലയില്‍ മാത്രമെ ഇവയുണ്ടാക്കൂ എന്നുമായിരുന്നു ഉറപ്പ് നല്‍കിയത്. എന്നാല്‍ ഭരണത്തിലേറിയ ഉടനെ ഇടതു സര്‍ക്കാര്‍ ചെയ്തത് ജനവാസ മേഖലയും ക്വാറികളും തമ്മിലുള്ള ദൂരം കുറച്ച് മാഫിയകള്‍ക്ക് കളമൊരുക്കലായിരുന്നു. കേരളത്തിനുപുറത്ത് 500 മീറ്റര്‍ ദൂരം നിര്‍ബന്ധമാണ്. കേരളത്തില്‍ അതിനു 250 മീറ്ററെന്ന ഇളവ് മുമ്പേ നല്‍കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇത് 50 മീറ്ററിലേക്ക് കുറക്കുകയാണ് ചെയ്തത്. 2018 ലെ പ്രളയബാധിതര്‍ക്കായി സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലുള്ള തുക വകമാറ്റി ചെലവഴിച്ചതും പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ പുനരധിവസിപ്പിക്കാനോ വേണ്ടത്ര ശ്രദ്ധ കാണിക്കാതിരുന്നതും ഇവര്‍ തുടരുന്ന നയത്തിന്റെ തുടര്‍ച്ചയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇപ്പോഴും ഫലപ്രദമായി വിതരണം ചെയ്തിട്ടില്ല. പരിമിതമായ പതിനായിരം രൂപ പോലും അര്‍ഹര്‍ക്ക് നല്‍കിയിട്ടില്ല. 2019 ലെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിലും സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു.
കഴിഞ്ഞ ദുരന്തത്തില്‍ സര്‍ക്കാരും ജനവും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കാഴ്ചയാണ് കണ്ടത്. പ്രളയ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും പ്രതിരോധ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും ഇത്തവണ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഉണ്ടായിരുന്നു. എങ്കിലും ദുരന്ത സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും കഴിഞ്ഞ വര്‍ഷത്തെ കാര്യക്ഷമതയും കര്‍മാവേശവും പുലര്‍ത്താനായിട്ടില്ല.
തീവ്ര കാലാവസ്ഥാനുഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പ്രകൃതിയും കാലാവസ്ഥയും മാറുകയാണ്. ഇത് തിരിച്ചറിയാനെങ്കിലും തയ്യാറായാലേ കേരളത്തിനു ഇനി ഇത്തരം പ്രളയകാലങ്ങളെ അതിജീവിക്കാനാവുകയുള്ളു. അതിനു കുറെ മുന്‍കരുതലുകള്‍ ആവശ്യമാണ്. ആഗോള കാലാവസ്ഥാവ്യതിയാനം ശരിക്ക് നിരീക്ഷണ വിധേയമാക്കി നമ്മുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം ശക്തമാക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്വാറികള്‍ അനുവദിക്കുന്നതിലും നിലവിലുള്ളവ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. കേരളത്തിന്റെ ധാതു സമ്പത്തും നദികളും കായലുകളും സംരക്ഷിക്കപ്പെടണം. മലകളും കുന്നുകളും ഇടിച്ച്‌നിരത്തി കെട്ടിടങ്ങള്‍ പണിയുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തണം. മാലിന്യ സംസ്‌കരണത്തിനു ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കണം.
ഇത്തവണ ഉരുള്‍പൊട്ടലാണ് കൂടുതല്‍ ആളപായവും സ്വത്തുനാശവും ദുരിതവും വിതച്ചത്. ഉരുള്‍പൊട്ടലിന്റെ ആഘാതം തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. ഇനിയും കണ്ടെടുക്കാന്‍ കഴിയാതെ മണ്ണിനോടൊപ്പംചേര്‍ന്ന മൃതദേഹങ്ങള്‍. അത്യന്തം ഭീതിജനകമായ വാര്‍ത്തകള്‍ കണ്ണ് തുറപ്പിക്കേണ്ടതാണ്. വയനാട്ടിലെയും മലപ്പുറത്തെയും പ്രളയഭൂമിയില്‍നിന്നും കേട്ട ദുരന്തവാര്‍ത്തകള്‍ ഇനിയും കേള്‍ക്കാതിരിക്കണമെങ്കില്‍ സ്വയം മാറ്റത്തിനു തയ്യാറായെ പറ്റു. വയനാട് പുത്തുമലയും മലപ്പുറം – കവളപ്പാറയിലെ മുത്തപ്പന്‍ കുന്നും തന്ന പാഠങ്ങള്‍ വിസ്മരിക്കാനുള്ളതല്ല എന്നെങ്കിലും മനസ്സിലാക്കണം.
ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാവില്ലെങ്കിലും ബാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രതിരോധങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു സാധ്യമാകേണ്ടതുണ്ട്. മണ്ണും മലയും തുരന്നും ഓടയും തോടും വെള്ളകെട്ടും നികത്തിയുമുള്ള അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനു കഴിയണം. കേരളത്തിന്റെ കാലാവസ്ഥാ കലണ്ടര്‍ മാറുകയാണെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിദഗ്ധരുടെ അഭിപ്രായം മാനിച്ചെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍നിന്നും മാറിനില്‍ക്കാന്‍ തയ്യാറാവണം.

Video Stories

ട്രൂ ലവ്! ;കാമുകിക്ക് മുന്നില്‍ ആളാവാന്‍ വേണ്ടി 19കാരന്‍ മോഷ്ടിച്ചത് 13 ബൈക്കുകള്‍, ഒടുവില്‍ അറസ്റ്റ്

പുണെ, സോലാപൂര്‍, ലാതൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നെല്ലാമാണ് ഭാസ്‌കര്‍ മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയത്

Published

on

തന്റെ പ്രിയപത്‌നി മുംതാസിന് വേണ്ടി ഷാജഹാന്‍ താജ്മഹല്‍ പണിതതുപോലെ, തന്റെ കാമുകിക്കുവേണ്ടി പത്തൊമ്പതുകാരന്‍ മോഷ്ടിച്ചത് 13ഓളം ബൈക്കുകള്‍. ശുഭം ഭാസ്‌കര്‍ പവാറെന്ന മഹാരാഷ്ട്രകാനാണ് കാമുകിയുടെ മുമ്പില്‍ ആളാവാന്‍ വേണ്ടി 16.5 ലക്ഷം രൂപയോളം വിലവരുന്ന ബൈക്കുകള്‍ മോഷ്ടിച്ചത്. എന്നാല്‍ സംഭവത്തിനൊടുവില്‍ മഹാരാഷ്ട്ര താനെ പൊലീസ് യുവാവിനെ പിടികൂടി. പുണെ, സോലാപൂര്‍, ലാതൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നെല്ലാമാണ് ഭാസ്‌കര്‍ മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയത്.

Continue Reading

News

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം കരയിലെത്തിച്ച് മുതല

ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

Published

on

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറുന്ന മുതലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തുവച്ച് മുതല നീന്തുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ബോട്ട് ലക്ഷ്യമാക്കി നീങ്ങിയ മുതലയുടെ പുറത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ എടുക്കുന്നതും വീഡിയോയില്‍ കാണാം.

ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

Continue Reading

Art

ഡോക്യൂമെന്ററി പ്രദര്‍ശനം; ജാമിഅ മില്ലിയയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്

ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published

on

ഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്.ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കാണാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂര്‍ അഭിഭാഷകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

Continue Reading

Trending