അബൂസാലി ടി.കെ നീലേശ്വരം

ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ. വേതനം ലഭിക്കുന്ന തൊഴില്‍ എന്നതിലുപരി മാനസിക ഉന്‍മേഷത്തോടെ ചെയ്ത്തീര്‍ക്കാനും ജീവിതം ആസ്വദിക്കാനും മനസ്സിനിണങ്ങിയ തൊഴിലില്‍ തന്നെ ഏര്‍പ്പെടണം. പല സര്‍ക്കാര്‍ ജീവനക്കാരിലും കാണുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത കുറവിനും നിസ്സംഗതക്കും കാരണം അവരുടെ തൊഴില്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകളാണ്.
അനേകായിരം കരിയര്‍ സാധ്യതകള്‍ മുന്നിലുണ്ട്. കൂടാതെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ പതിപ്പുകള്‍ വൈവിധ്യങ്ങളായ നിരവധി പുത്തന്‍ തൊഴില്‍മേഖലകള്‍ തുറന്ന് തരികയും അതോടൊപ്പം പരമ്പരാഗത തൊഴില്‍ മേഖലകളെ ഉടച്ച്‌വാര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് കോവിഡ്-19 സൃഷ്ടിച്ച വിപ്ലവവും കാണാതെപോകരുത്. കേട്ട്‌കേള്‍വി പോലും ഇല്ലാത്ത മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, ബ്ലോഗിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, ഒക്കുപേഷനല്‍ തെറാപ്പി, ബിസിനസ് അനലറ്റിക്‌സ് തുടങ്ങിയ കരിയറുകള്‍ക്ക് ഭാവിയില്‍ സാധ്യത ഏറെയാണ്. പക്ഷേ ഇതും മറികടന്ന് പുതിയ സാങ്കേതിക വിദ്യകള്‍ സമീപഭാവിയില്‍ കടന്നുവരുമെന്നതും തീര്‍ച്ചയാണ്. ഇവിടെയാണ് വളരെ കരുതലോടെയും ശാസ്ത്രീയമായും മനസ്സിണങ്ങുന്ന കരിയര്‍ മേഖല തെരഞ്ഞെടുക്കുന്നതിന്റെ പ്രസക്തി.
പ്ലസ്ടുവിന് ഏത് സ്ട്രീം (സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്) തെരഞ്ഞെടുക്കണം? അതിന്‌ശേഷം ഏത് കോഴ്‌സിന് പഠിക്കണം? ഏത് സ്ഥാപനത്തില്‍ ചേരണം? തെരഞ്ഞെടുക്കുന്ന പ്രോഗ്രാമിന് തൊഴില്‍ സാധ്യതയുണ്ടോ? തുടങ്ങിയ ചിന്തകള്‍ മിക്ക വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്താറുണ്ട്. നല്ല കരിയര്‍ തെരഞ്ഞെടുപ്പിന് ദീര്‍ഘകാലത്തെ ആസൂത്രണം ആവശ്യമാണ്. ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പ്ലസ്ടുവിന് ഏത് സ്ട്രീം തെരഞ്ഞെടുക്കണമെന്നതിന് വ്യക്തമായ ധാരണയുണ്ടാവണം. കുട്ടിയുടെ വ്യക്തിത്വ സവിശേഷതകള്‍, അഭിരുചി, താത്പര്യം, ശേഷികള്‍, സാമ്പത്തികം, ആണ്‍-പെണ്‍ വ്യത്യാസം, പഠനകാലദൈര്‍ഘ്യം, കോഴ്‌സുകളുടെ ലഭ്യത തുടങ്ങിയ നിരവധി കാര്യങ്ങള്‍ കരിയര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. ഇതില്‍ ജന്മസിദ്ധ വാസനകള്‍ (അഭിരുചി)ക്ക് തന്നെയാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്. നല്ല ബുദ്ധിശക്തി (ഐ.ക്യു) ഉള്ള വിദ്യാര്‍ത്ഥിക്ക് വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെങ്കിലും അഭിരുചിക്കിണങ്ങിയ കോഴ്‌സ് തെരഞ്ഞെടുത്താല്‍ ജോലിയും ജീവിതവും ആസ്വദിക്കാനാവും. തിരിച്ചാണെങ്കില്‍ നിരാശയും മോഹഭംഗവും ജീവിതത്തെ വേട്ടയാടാന്‍ സാധ്യതയുണ്ട്. കൊച്ചു പ്രായത്തിലുള്ള തുളുമ്പലുകള്‍, ചില വിഷയങ്ങോടുള്ള അമിത താല്‍പര്യം, ചില കാര്യങ്ങള്‍ ചെയ്യാനുള്ള പ്രത്യേക ശേഷികള്‍, ശീലങ്ങള്‍, അപഗ്രഥനശേഷി, സാഹിത്യ അഭിരുചി തുടങ്ങിയവയുടെ സമഗ്ര അപഗ്രഥനത്തിലൂടെ അഭിരുചി തിരിച്ചറിയാനാകും. അഭിരുചി ശാസ്ത്രീയമായി കണ്ടെത്താന്‍ ഒട്ടേറെ സൈക്കോമെട്രിക് ടെസ്റ്റുകളും ലഭ്യമാണ്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഗവണ്‍മെന്റ് നടത്തുന്ന ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡി.എ.ടി) നല്ലൊരു അഭിരുചി നിര്‍ണ്ണയ ടൂള്‍ തന്നെയാണ്. ഈ ടെസ്റ്റും അത് ആധാരമാക്കിയുള്ള വിദഗ്ധരുടെ കൗണ്‍സലിങും കുട്ടിയുടെ അഭിരുചിക്ക് ഇണങ്ങിയ മേഖല കണ്ടെത്താനും കോഴ്‌സുകള്‍ ആസൂത്രണം ചെയ്യാനും ഏറെ സഹായിക്കും. കരിയര്‍ രംഗത്ത് രണ്ട് ദശാബ്ദകാലമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കോഴിക്കോട് ഓഫീസിലും ഈ ടെസ്റ്റിനും കരിയര്‍ കൗണ്‍സലിങിനും വിദഗ്ധരുടെ സേവനം ലഭ്യമാണ്.
കുട്ടിയുടെ വ്യക്തിത്വ സവിശേഷതകള്‍ കരിയറിനെ ഏറെ സ്വാധീനിക്കും. ഉദാഹരണത്തിന് അന്തര്‍മുഖനായ കുട്ടിക്ക് സമൂഹവുമായി ഏറെ ഇടപെടേണ്ടിവരുന്ന കരിയറില്‍ വിജയിക്കാനാവില്ല. അതുപോലെ പൈലറ്റ് പോലുള്ള കരിയര്‍ മേഖലക്ക് കുടുംബത്തിന്റെ സാമ്പത്തിക ശേഷിയും പ്രധാനമാണ്. മൈനിങ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് തുടങ്ങിയ കോഴ്‌സുകള്‍ പെണ്‍കുട്ടികള്‍ സാധാരണ തെരഞ്ഞെടുക്കാറില്ല. ബയോടെക്‌നോളജി, നാനോസയന്‍സ് ആന്റ് ടെക്‌നോളജി തുടങ്ങിയ റിസര്‍ച്ച് ടൈപ്പ് പ്രോഗ്രാം പ്രഫഷണല്‍സിന് മാത്രം ജോലിസാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ ഉന്നത പഠനത്തിനായി 5-7 വര്‍ഷങ്ങള്‍ നീക്കിവെക്കേണ്ടിവരുമെന്നത് കരിയര്‍ ആസൂത്രണ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്. യാത്ര ചെയ്യാന്‍ തീരെ താല്‍പര്യമില്ലാത്തവര്‍ക്ക് വീടിന് അടുത്തുള്ള നല്ല പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കലായിരിക്കും യുക്തി.
കരിയര്‍ മേഖല നിര്‍ണ്ണയിച്ച് കഴിഞ്ഞാല്‍ അത്തരം കോഴ്‌സുകള്‍ നല്‍കുന്ന ക്യാമ്പസുകളെ കണ്ടെത്തലും വളരെ പ്രധാനമാണ്. എന്തിന് പഠിക്കുന്നു എന്നതുപോലെതന്നെ പ്രധാനമാണ് എവിടെ പഠിക്കുന്നു എന്നതും. അന്തര്‍ദേശീയ-ദേശീയ നിലവാരമുള്ള ക്യാമ്പസുകളിലെ പഠനം തൊഴില്‍ നേടാന്‍ ഏറെ സഹായിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥി കളുമായി ഇടപെടാനും ഗവേഷണ പഠനത്തിന് ദിശ നല്‍കാനും ഏറെ സഹായിക്കും. ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ പ്രത്യേക പ്രവേശന ടെസ്റ്റുകളില്‍ നല്ല സ്‌കോര്‍ ആവശ്യമാണ്. അതിനായി പ്രത്യേക മുന്നൊരുക്കം നടത്തണം. അവിടെ പഠിക്കുന്ന കുട്ടികളുമായുള്ള ആശയവിനമയവും ഏറെ പ്രയോജനപ്പെടും. ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ എന്തായാലും കോഴ്‌സ് പഠിക്കണം എന്ന വാശിയില്‍ നിലവാരമില്ലാത്ത കോളജുകളില്‍ പ്രവേശനം നേടുന്ന പ്രവണത തീരെ ആശാവഹമല്ല. അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത കോഴ്‌സ് നടത്താനുള്ള അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം. വിവിധ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വിവിധ ബോഡികളാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
കരിയര്‍ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണ് ‘സ്‌കോപ്പ്’ അഥവാ സാധ്യത. സാധ്യത എന്നത് തികച്ചും ഒരു ട്രെന്റ് മാത്രമാണ്. അത് മാറിക്കൊണ്ടേയിരിക്കും. ഉയര്‍ന്ന ശമ്പളം, സമൂഹത്തിലെ മാന്യത, സ്‌കോപ്പ് ഇവ മാത്രം ലക്ഷ്യമാക്കി അഭിരുചിയും താല്‍പര്യവുമില്ലാത്ത പഠന മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാറില്ല. ഇനി ജോലി ലഭിച്ചാല്‍പോലും ജോലിയും ജീവിതവും ആസ്വദിക്കാനാവാതെ മോഹഭംഗത്തിനും നിരാശക്കും അടിമകളായി മാറാറുണ്ട്. കുട്ടിയുടെ അഭിരുചിക്കിണങ്ങിയതും താല്‍പര്യമുള്ളതും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സാധിക്കുന്നതുമായ മേഖലയില്‍ തന്നെയാണ് അവരുടെ സ്‌കോപ്പ് നിലകൊള്ളുന്നത്. ആത്മവിശ്വാസവും കഴിവും നൈപുണ്യവും എന്നിവക്കൊപ്പം ജോലിയോട് കാണിക്കുന്ന പ്രതിബദ്ധത, ആത്മാര്‍ത്ഥത, കഠിനാധ്വാനവും കൂടിച്ചേരുമ്പോഴാണ് കരിയറില്‍ വിജയിക്കാനാവുന്നത്.
രക്ഷിതാക്കളുടെ കരിയര്‍ മോഹങ്ങളും മോഹഭംഗങ്ങളും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. രക്ഷിതാക്കള്‍ മക്കള്‍ക്കായി തെരഞ്ഞെടുക്കുന്ന കരിയര്‍ മേഖലകളില്‍ കുട്ടിക്ക് അഭിരുചിയും താല്‍പര്യവുമില്ലെങ്കില്‍ പാതിവഴിയില്‍ കോഴ്‌സ് ഉപേക്ഷിക്കേണ്ട അവസ്ഥ വരാറുണ്ട്. കരിയര്‍ തെരഞ്ഞെടുക്കുന്നതില്‍ കുട്ടിയുടെ അഭിരുചിയും ഇഷ്ടാനിഷ്ടങ്ങളും തന്നെയാണ് പ്രാധാന്യമെന്നും രക്ഷിതാക്കളുടെ കരിയര്‍ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ഉപകരണമല്ല മക്കളെന്നും രക്ഷിതാക്കള്‍ തിരിച്ചറിയണം. ചില കരിയര്‍ മേഖലകളോടുള്ള അന്ധമായ അഭിനിവേഷവും യുക്തിഭദ്രമല്ല. ലോകപ്രശസ്തമായ കെംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വിവിധ കാമ്പസില്‍ പഠിക്കുന്ന സമര്‍ത്ഥരായ മക്കള്‍ അധികവും ലക്ഷ്യമിടുന്നത് സാമൂഹിക പരിഷ്‌കര്‍ത്താവ് (സോഷ്യല്‍ റിഫോര്‍മര്‍), ഗ്രാമങ്ങളെ ദത്തെടുക്കല്‍ തുടങ്ങിയ കരിയര്‍ മേഖലകളാണ്. സാമൂഹിക രംഗത്ത് സക്രിയമായ ഇടപെടലുകള്‍ മനസ്സിന് ഏറെ സന്തോഷം നല്‍കുന്നതും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും പേരും പ്രശസ്തിയും നേടാനും ഏറെ സഹായിക്കും. ഇന്ത്യപേലുള്ള ബഹുസ്വര സമൂഹത്തില്‍ ഇത്തരം കരിയറുകളുടെ പ്രസക്തി ഏറെയാണ്. കുട്ടികള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ നല്ല നിലയില്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനം നല്‍കുക എന്നത് രക്ഷിതാവിന്റെ കടമയാണ്.
തെരഞ്ഞെടുത്ത കരിയര്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതും ദിവസേന കാണുന്ന രീതിയില്‍ എഴുതി വെക്കുന്നതും നല്ലതാണ്. മറ്റുള്ളവരുടെ പ്രോത്സാഹനങ്ങള്‍, കുറ്റപ്പെടുത്തലുകള്‍ ഒക്കെ കുട്ടിക്ക് ഉത്തേജനമാവേണ്ടതുണ്ട്. അതോടൊപ്പം വലിയ കാര്യങ്ങള്‍ നേടാന്‍ വേണ്ടി നാം ഇഷ്ടപ്പെടുന്ന പല കാര്യങ്ങളും ഉപേക്ഷിക്കേണ്ടതായിവരും. ചിലതിനെ തള്ളിയാല്‍ മാത്രമേ ചിലതൊക്കെ നേടാനാവൂ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അതിനായി മക്കളെ പാകപ്പെടുത്തേണ്ടതും രക്ഷിതാക്കളുടെ കര്‍ത്തവ്യമാണ്. ഏത് മേഖലകളിലും മികച്ചതാവുക എന്നതാകണം ലക്ഷ്യം. നല്ല ആശയവിനിമയശേഷി, ഭാഷാനൈപുണി, യുക്തിഭദ്രത, നിരീക്ഷണപാടവം, പൊതുകാര്യങ്ങളെക്കുറിച്ചുള്ള അവബോധം, അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള ചങ്കൂറ്റം, ജോലിക്കിണങ്ങിയ ശരീരഭാഷ, നേതൃത്വപാടവം തുടങ്ങിയ ലളിതകലകളില്‍ പ്രാവീണ്യം നേടുന്നത് എളുപ്പം ജോലി നേടാനും കരിയര്‍ മേഖലയില്‍ ശോഭിക്കാനും ഏറെ സഹായിക്കും.