ഒന്നര വര്‍ഷം മുമ്പ് കൊച്ചി നഗരത്തിലെ വലിയ പരസ്യ ബോര്‍ഡുകളില്‍ വ്യത്യസ്തമായൊരു പരസ്യം പതിഞ്ഞിരുന്നു. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന പഴമ പറച്ചിലിനെ വരച്ചു കാണിച്ചുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരസ്യം. ഏതു ബ്ലോക്കില്‍ കിടന്നവനും ആ പരസ്യം കണ്ടപ്പോള്‍ ഒന്ന് ചിരിതൂകി. മെട്രോ കാരണം നഗരത്തില്‍ ഗതാഗത കുരുക്ക് കൂടിയെന്ന് സ്ഥിരം പരാതി പറയുന്നവര്‍ക്കിടയില്‍ തന്നെ ആ പരസ്യം ഹിറ്റായി മാറി. നഗരഗതാഗതത്തിലെ എല്ലാ കുരുക്കുകളിലും യാത്ര ദുരിതങ്ങളിലും നമ്മള്‍ കണ്ടൊരു സ്വപ്‌നം കൊച്ചിയില്‍ യാഥാര്‍ഥ്യമാവുകയാണ്. 2003 മുതല്‍ കേരള ജനത സ്വപ്‌നം കണ്ട കൊച്ചി മെട്രോ റെയില്‍ ആകാശ പാതയിലൂടെ കുതിച്ചു പായാന്‍ തയ്യാറെടുത്തിരിക്കുന്നു. ദിവസങ്ങള്‍ക്കകം ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാരുമായി മെട്രോ കുതിച്ചുപായും. ട്രയല്‍ സര്‍വീസ് അടക്കമുള്ള അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മെട്രോ സംവിധാനത്തിലെ നിസാരമെന്ന് തോന്നുന്ന ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും പലതവണ പരിശോധിച്ച് പരീക്ഷിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഉദ്ഘാടന തീയതിക്കും ഉദ്ഘാടകനും വേണ്ടി മാത്രമാണ് ഇനി കാത്തിരിപ്പ്.
ഒരു ചെറിയ പാലം പൂര്‍ത്തിയാക്കാന്‍ പോലും വര്‍ഷങ്ങളെണ്ണി കാത്തിരിക്കേണ്ടിവരുന്ന നാടിന് നാലു വര്‍ഷം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ഒരു അത്ഭുതം തന്നെയാണ്. 5182 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്ന് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഒരു ഭരണകൂടത്തിന്റെ ഇച്ഛാശക്തിയാണ് അംഗീകരിക്കപ്പെടുന്നതും അഭിനന്ദിക്കപ്പെടുന്നതും. പലവട്ടം ചുവപ്പുനാടയില്‍ കുരുങ്ങിയ പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കഴിഞ്ഞ കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല. 2001 ജൂണ്‍ 21ന് കൊച്ചിക്ക് അനുയോജ്യമായ ഗതാഗത സംവിധാനം മെട്രോ റെയിലാണെന്ന് ഇ.ശ്രീധരന്‍ പറഞ്ഞതാണ് പദ്ധതിക്ക് ആധാരമായത്. 2004 ഡിസംബര്‍ 22ന് കൊച്ചിയില്‍ മെട്രോ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചു. 2005 ഒക്‌ടോബറില്‍ പദ്ധതി കണ്‍സള്‍ട്ടന്റായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ സര്‍ക്കാര്‍ നിയമിച്ചു. 2006 ജനുവരിയില്‍ നിര്‍മാണത്തിന്അന്തര്‍ദേശീയ ടെന്‍ഡറും ക്ഷണിച്ചു. തുടര്‍ന്ന് വി.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയെ മരവിപ്പിക്കുന്ന നിലാപാടായിരുന്നു സ്വീകരിച്ചത്. ഇക്കാലയളവില്‍ ഒരു മുന്നേറ്റവും പദ്ധതിക്കുണ്ടായില്ലെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിക്കപ്പെടുകയാണെന്ന ആശങ്കയും കേരള ജനതയിലുണ്ടാക്കി. 2011 മെയ് മാസത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് സ്വപ്‌ന പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. 2011ല്‍ മെട്രോ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കെ.എം.ആര്‍.എല്‍ രൂപീകരിക്കുകയും തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുകയും ചെയ്തു. 2012 സെപ്തംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിംഗ് മെട്രോക്ക് തറക്കല്ലിട്ടു. പിന്നീടങ്ങോട്ട് വികസന വഴിയില്‍ പുതിയ അധ്യായം രചിച്ചുള്ള പ്രയാണമായിരുന്നു കൊച്ചി മെട്രോയുടേത്.
2013 ജൂണ്‍ ഏഴിനായിരുന്നു ആലുവ മുതല്‍ പേട്ട വരെ 25.612 കി.മീറ്ററില്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. വിവാദങ്ങളും ആശങ്കകളും കാറ്റില്‍ പറത്തി കേരളം ഒരേ മനസോടെ അണിചേര്‍ന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പൈല്‍ ഉറപ്പിച്ച് പറഞ്ഞതിങ്ങനെ; ‘കൊച്ചി മെട്രോയിലേക്ക് ഇനി 1095 ദിനങ്ങള്‍. ഇ.ശ്രീധരന്‍ എന്ന മെട്രോമാന്റെ പിന്‍ബലമുള്ള വാക്കുകള്‍ കേരളം നെഞ്ചേറ്റി. പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി മെട്രോയുടെ അഴകളവുകള്‍ ചുരുങ്ങിയെങ്കിലും ആദ്യഘട്ടം പൂര്‍ത്തിയാക്കാനായതിന്റെ മുഴുവന്‍ ക്രെഡിറ്റും യു.ഡി.എഫ് സര്‍ക്കാരിന് തന്നെയാണെന്നതില്‍ തര്‍ക്കമില്ല. 2016 ജനുവരി 23ന് മുട്ടം യാര്‍ഡില്‍ പ്രത്യേകം ഒരുക്കിയ ട്രാക്കില്‍ മെട്രോയുടെ ടെസ്റ്റ് റണ്ണിന് പച്ചക്കൊടി കാട്ടിയതും ഉമ്മന്‍ചാണ്ടിയായിരുന്നു. സമയത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഒട്ടേറെ തടസങ്ങളാണ് നിര്‍മാണത്തിന്റെ തുടക്കം മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡി.എം.ആര്‍.സി നേരിട്ടത്. ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റുന്നതിലുള്‍പ്പെടെ വന്ന കാലതാമസം നിര്‍മാണത്തെ സാരമായി ബാധിച്ചു. 25.612 കി.മീറ്ററിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള 18 കി.മീറ്ററില്‍ മാത്രമാണ് നിര്‍മാണം തുടങ്ങാനായാത്. ഈ പ്രതിസന്ധി സമയത്തെല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഡി.എം.ആര്‍.സിക്ക് തുണയായി. അല്ലെങ്കില്‍ പദ്ധതി ഇനിയും വൈകുമായിരുന്നു.
സവിശേഷതകള്‍ ഏറെയുണ്ട് കൊച്ചി മെട്രോക്ക്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം (സി.ബി.ടി.സി) ഉപയോഗിച്ചാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ മെട്രോയെന്ന ഖ്യാതി കൊച്ചിക്ക് സ്വന്തമാണ്. മാത്രമല്ല, ഏറ്റവും കുറഞ്ഞ സമയത്ത് കൂടുതല്‍ ദൂരം ഉദ്ഘാടന സര്‍വീസ് നടത്തുന്ന മെട്രോയെന്ന സവിശേഷതയും കൊച്ചിയുടെ പേരിലാവും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തില്‍ 11 സ്റ്റേഷനുകള്‍ക്കിടയിലാണ് മെട്രോയുടെ ആദ്യഘട്ട സര്‍വീസ്. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും അടിസ്ഥാനമാക്കിയാണ് കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ ഒരുക്കം. ഹരിത ഭരിതവും പരിസ്ഥിതി സൗഹൃദവുമാണ് എല്ലാ സ്റ്റേഷനുകളും. പശ്ചിമഘട്ടമാണ് പ്രധാന തീം. ഇന്ത്യയിലെ ഒരു മെട്രോയും അവലംബിക്കാത്ത ഈ രൂപരേഖ തന്നെയായിരിക്കും കൊച്ചി മെട്രോ സ്‌റ്റേഷനുകളെ വേറിട്ടതാക്കുക. പത്തു രൂപയാണ് മിനിമം യാത്രകൂലി. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. കെഎംആര്‍എല്‍ ആവിഷ്‌കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കുകളില്‍ ഇളവ് നല്‍കും. യാത്രക്കാര്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മെട്രോ ട്രെയിനുകള്‍ ഒരുക്കിയിട്ടുള്ളത്. ശാരീരികമായ പരിമിതികള്‍ ഉള്ളവരെ കൂടി പരിഗണിച്ചാണ് കോച്ചുകളുടെ രൂപകല്‍പ്പന. എല്ലാ ട്രെയിനിലും വീല്‍ചെയര്‍ കയറ്റിയിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതര പൊതു ഗതാഗത സംവിധാനങ്ങളില്‍ നിന്ന് കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നതില്‍ സാങ്കേതികവിദ്യക്കും ഗണ്യമായ സ്ഥാനമുണ്ടാവും. ബ്രേക്കിട്ടാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇതിനുദാഹരണമാണ്.
കൊച്ചിയിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിനുള്ള പരിഹാരമാണ് മെട്രോ വിഭാവനം ചെയ്യുന്ന പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. വിദേശ നഗരങ്ങളോട് കിടപിടിക്കുന്ന അനുബന്ധ ഗതാഗത സംവിധാനം, ജലമെട്രോ, മെട്രോ സിറ്റി, സൈക്കിള്‍ ട്രാക്ക്, അത്യാധുനിക നടപ്പാതകള്‍ തുടങ്ങിയവയെല്ലാം മെട്രോക്കൊപ്പം കൊച്ചിയിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് മെട്രോയുടെ രണ്ടാംഘട്ടം. ഇതിന് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന് അതിവേഗം പുരോഗമിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പേട്ടയും തൃപ്പൂണിത്തുറയും കാക്കനാടും അങ്കമാലിയും വിദൂര ലക്ഷ്യമാവില്ലെന്ന് തന്നെ പ്രത്യാശിക്കാം.