പത്തനംതിട്ട: റാന്നി വലിയപറമ്പില്‍ ടെംപോ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. അപകടത്തില്‍ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡ (39) മരിച്ചു. വാനിലുണ്ടായിരുന്ന മറ്റ് പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കണമലയില്‍ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല നട അടച്ചതിനെ തുടര്‍ന്ന് സംഘം ഉല്ലാസയാത്ര പോയിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ രാത്രി ഏകദേശം ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട എംസി റോഡിലെ കുളനട മാന്തുകയില്‍ മറ്റൊരു വാഹനാപകടവും ഉണ്ടായി. ലോറിയും കോളേജ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കോളേജ് ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവറുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.