ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നതായി കത്തില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ പാലക്കാട് ജില്ലയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണവും ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനാരോപണം ഉന്നയിച്ച് പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും, ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും മൗനം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കു ധൈര്യം നല്‍കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.
പുതുവത്സര ആഘോഷങ്ങള്‍ അടുത്തിരിക്കെ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.