ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമലതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണു ജാമ്യം അനുവദിച്ചത്. നേരത്തേ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഗ്രാമന്യായാലയത്തെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകര്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ അടിയന്തര ജാമ്യഹര്‍ജി നല്‍കി. പൊലീസ് തന്നെ മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്നു രാഹുല്‍ ആരോപിച്ചിരുന്നു. സന്നിധാനത്തു ഭക്ഷണം കഴിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ട്രാക്ടറില്‍ ടാര്‍പൊളിന്‍ കൊണ്ടു മൂടിയാണു കൊണ്ടു പോയതെന്നും രാഹുല്‍ പറഞ്ഞിരുന്നു. നടുവിന്റെ കുഴപ്പം കൂടിയതിനാല്‍ രാഹുല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.