ഇടുക്കി: മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഷിയാസ്(21)ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ ഷിയാസും സുഹൃത്തുക്കള്‍ പത്തുപേരുമായി ബൈക്കുകളില്‍ മൂന്നാറിലെത്തുകയായിരുന്നു. മാട്ടുപ്പെട്ടി സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് കാറുമായി ഇടിക്കുകയായിരുന്നു.

സുഹൃത്തായിരുന്നു ബൈക്കോടിച്ചിരുന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷിയാസിനെ മൂന്നാറിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനൂര്‍ മലബാര്‍ കോളേജിലെ ബി.കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിയാസ്. മൂന്നാര്‍ പൊലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.