ന്യൂഡല്‍ഹി:പത്മാവത് സിനിമക്കെതിരായ പ്രതിഷേധത്തിനിടെ കര്‍ണിസേന അക്രമികള്‍ സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ നടത്തിയ അതിക്രമത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്വേഷവും അക്രമവും ഉപയോഗിച്ച് രാജ്യത്തെ കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയുടെ അക്രമരാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

ഗുരുഗ്രാമില്‍ അക്രമികള്‍ സ്‌കൂള്‍ ബസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ‘കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. അക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇത് രണ്ടും ഉപയോഗപ്പെടുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ്’- രാഹുല്‍ ട്വീറ്റ് ചെയ്തു.

സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംസ്ഥാനത്ത് ക്രമസമാധാന നില പാലിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാവുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അക്രമവും വിദ്വേഷവും ഭീരുക്കളുടെ ആയുധമാണ്. ബി.ജെ.പി രാജ്യത്തെ കത്തിക്കാന്‍ ഇതാണ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ലോകത്തോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ട ദിവസം തന്നെ അഹമ്മദാബാദില്‍ ജനക്കൂട്ടം പത്മാവത് സിനിമക്കെതിരെ അക്രമം അഴിച്ചു വിട്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി ചിദംബരം പറഞ്ഞു.