kerala

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

By Lubna Sherin K P

January 30, 2026

എറണാകുളം: എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള ട്വന്റി-20യുടെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20യുടെ കോട്ടകളായ കിഴക്കമ്പലം മേഖലയിലെ ജനപ്രതിനിധികളും ഭാരവാഹികളുമാണ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയത്.

വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് പേരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നുമായിരുന്നു ട്വന്റി-20യുടെ വാഗ്ദാനമെന്നും, എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പ്രവര്‍ത്തകരെ വഞ്ചിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പറഞ്ഞു. ട്വന്റി-20യില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.