അബ്ദുല്‍ ലത്വീഫ് പി

വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്‍ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’ പരിചിതമായ ജീവിത പരിസരങ്ങളിലെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും തന്നെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്. സ്‌നേഹവും പ്രണയവും കുടുംബ ബന്ധങ്ങളുടെ സ്വാഭാവികതയും കഥകളില്‍ തുടര്‍ച്ചയായി വിഷയങ്ങളാവുന്നു. ഓരോ രചനയിലും വായനക്കാരനെ തന്റെ ഭാവനാവണ്ടിയിലേക്ക് വലിച്ചുകയറ്റുന്ന കാന്തികസ്വഭാവം ഈ കഥാസമാഹാരത്തിലും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. എല്ലാ കഥകളിലും ആത്മകഥാംശവും വേണ്ടുവോളമുണ്ട്. ഓര്‍മ്മയുടെ ചൂടും ചൂരും നിറയുന്ന കഥാ പരിസരങ്ങളില്‍ കഥാപാത്രങ്ങളെ തൊട്ട് ‘ഇത് ഞാന്‍ തന്നെ അല്ലയോ, ഇത് എന്റെ ജീവിതമല്ലയോ’ എന്ന് വായനക്കാരന്‍ പറഞ്ഞു കൂടെന്നില്ല.

പതിനൊന്ന് കഥകളാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന പുസ്തകത്തിലുള്ളത്. ഇന്റലക്ച്വല്‍ ഡിസ്‌ക്കഷന്‍സ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്‍ക്കും എഴുത്തിനെ സ്‌നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്‍ കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, നവീന്‍ ഭാസ്‌ക്കര്‍, ബിപിന്‍ ചന്ദ്രന്‍, വി പി റജീന, അനീസ് കെ എം, കെ സി ബിപിന്‍, മോന്‍സി, രാഹുല്‍ രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്‍ കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്‍ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ വാക്കുകള്‍ ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളോടും എഴുത്തുകാരന്റെ ശൈലിയോടും ചേര്‍ന്നു നില്‍ക്കും. ‘പച്ചയായ ഓര്‍മകളുടെ ചൂടും ചൂരുമുണ്ട് ഈ കഥകള്‍ക്ക്. കഥകളില്‍ ഉപയോഗിക്കപ്പെട്ട വാക്കുകളുടെ ലാളിത്യവും കഥാപശ്ചാത്തലവും ദൃശ്യമായി വായനക്കാരനു മുന്നില്‍ എളുപ്പം തെളിയും.’

കഥകള്‍ക്ക് കുറുകിയ തലവാചകങ്ങള്‍ ഉപയോഗിക്കുന്ന സാമ്പ്രദായിക രീതിയില്‍ നിന്ന് വഴിമാറി നീളമുള്ള ഹെഡിംഗുകളാണ് മിക്ക കഥകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്. ‘ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയ്യില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടുക്കുകയും ചെയ്യുന്നവരായിരുന്നുവല്ലോ, ഞങ്ങളിരുവരും’ എന്ന ദീര്‍ഘമേറിയ തലവാചകമാണ് ആദ്യ കഥയുടേത്. എഴുത്തുകാരന്റെ ദിനചര്യയിലൂടെ ആരംഭിക്കുന്ന കഥ പൊടുന്നനെ ഒരു സുഹൃത്തിന്റെ രംഗ പ്രവേശത്തോടെ മറ്റൊരു തലത്തിലേക്ക് മാറിമറയുന്നു. അസ്ഥിത്വ ദു:ഖങ്ങളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവില്‍ സാമൂഹികാവസ്ഥയുടെ നേര്‍രേഖയില്‍ ഒതുക്കി നിര്‍ത്തപ്പെടുന്ന മനുഷ്യനാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന്.
‘നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍’ എന്ന കഥ മുത്തശ്ശിയും പേരമകനും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ഹൃദ്യമായി വരച്ചു ചേര്‍ക്കുകയാണ്. മനസ്സു തൊടുന്ന അവതരണത്തിലൂടെ ഈ കഥ വായനക്കാരുടെ ഹൃദയത്തിലിടം പിടിക്കും. പൊക്കിള്‍ കൊടി ബന്ധത്തിന്റെ ജൈവികത അനായാസേന അടയാളപ്പെടുത്തുന്ന കഥയാണ് ഈ സമാഹാരത്തിലെ മറ്റൊരു കഥയായ ‘അവിനാശിന്റെ ഉമ്മ’. ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗ്ഗമെന്ന മുഹമ്മദ് നബിയുടെ വചനത്തെ ശാശ്വതീകരിക്കുന്ന ഈ കഥയും വായനക്കാരനെ ഏറെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

ഓരോ കഥകളിലും കൗതുകപൂര്‍വം നടത്തിയിരിക്കുന്ന പാത്ര സൃഷ്ടി എഴുത്തുകാരനിലെ തഴക്കവും വഴക്കവമുള്ള എഴുത്തുശൈലിയുടെ കൂടി മകുടോദാഹാരണങ്ങളാണ്. ഷെര്‍ലക് ഹോംസിന്റെ ഭാവാഭിനയങ്ങളെ അനുകരിക്കുകയും സ്വയം ഒരു ഹോംസായി മാറുകയും ചെയ്യുന്ന കുട്ടിയുടെ കഥയാണ് ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’. ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് നടന്നടുക്കുന്ന ഷെര്‍ലക് ഹോംസ് താന്‍ തന്നെയാണെന്നൊരു ഭാവം കുട്ടിയെ പിടികൂടുന്നു. ഷെര്‍ലക് ഹോംസിന്റെ മുഖഭാവങ്ങള്‍ അനുകരിക്കാന്‍ കണ്ണാടിയില്‍ സമയം ചെലവഴിക്കുന്നു കഥാനായകനെ കൗതുകപൂര്‍വം തന്നെ വരച്ചുകാണിക്കുന്നുണ്ട് എഴുത്തുകാരന്‍. മറ്റൊരു കഥയില്‍ ദൈവത്തിനെ കാണാന്‍ ജീവിതം മുഴുവന്‍ നോമ്പു നോറ്റു കാത്തിരിന്നിട്ടും നരക വാതിലിലൂടെ പ്രവേശനം ലഭിച്ചയാളെ കാണാം. ദൈവമെന്ന സങ്കല്‍പത്തിന്റെ വിശദീകരണം കൂടിയായി മാറുന്നു കഥ. എഴുതാന്‍ ഒരുപാടുണ്ടെന്നറിയാമെങ്കിലും എന്തെഴുതണമെന്ന ആശയക്കുഴപ്പത്തില്‍ ജീവിക്കുന്ന എഴുത്തുകാരന്‍, പാഠപുസ്തകങ്ങളിലെ ശാസ്ത്രഞ്ജരുടെ ഫോട്ടോകള്‍ കണ്ട് അതുപോലെ അലസമായി മുടി ചീകി നടക്കണമെന്നാഗ്രഹിക്കുന്ന കുട്ടി, ആകാശവാണിയിലേക്ക് സ്ഥിരമായി സാഹിത്യസൃഷ്ടികളയക്കുന്ന അസൂയാലുവായ നായകന്‍, വാക്കുകളില്‍ ആത്മാര്‍ഥത നിറയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടൊരാള്‍, ആത്മഹത്യ ചെയ്യാന്‍ കാരണങ്ങളന്വേഷിച്ച് അലയുന്നവന്‍ തുടങ്ങി എഴുത്തുകളിലൊളിപ്പിച്ചുവെച്ച നായകസങ്കല്‍പങ്ങള്‍ ഈ സമാഹാരത്തിനാകെയും ഒരു പുതിയ എഴുത്തുരീതിയും ഫ്രെഷ്‌നസും പ്രദാനം ചെയ്യുന്നതായി കാണാം.

ഓര്‍ക്കാപ്പുറത്ത് രൂപപ്പെടുന്ന ട്വിസ്റ്റുകളിലൂടെ വായനക്കാരെ അമ്പരപ്പിക്കുന്നതിനേക്കാള്‍ ലളിതമായ ആഖ്യാനത്തിലൂടെ നേര്‍രേഖയില്‍ ചരിക്കുന്ന ജീവിത ഗന്ധിയായ അനുഭവങ്ങളെ വായനക്കാരന് സമ്മാനിക്കുന്നതിനാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന കഥാ സമാഹാരത്തിലൂടെ എഴുത്തുകാരന്‍ മുതിരുന്നത്. അത് തന്നെയാണ് ഐ ഡി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരം പ്രദാനം ചെയ്യുന്ന വായനാസുഖവും.