ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് യു.എ.ഇ പൗരന്‍ അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍. മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ രാം കിഷോര്‍ സിങ് യാദവാണ് ഇക്കാര്യം അറിയിച്ചത്.

നിയമനടപടിയേക്കാള്‍ ബിനോയിയില്‍ നിന്ന് പണം തിരിച്ചുകിട്ടാനാണ് ഇപ്പോള്‍ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചക്കകം പണം നല്‍കാത്തപക്ഷം കടുത്ത നീക്കത്തിലേക്ക് പോകുമെന്ന നിലപാടിലാണ് മര്‍സൂഖിയെന്നും അദ്ദേഹം പറഞ്ഞു.

ബിനോയിക്കെതിരെ ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സാമ്പത്തിക കുറ്റകൃത്യമാണ്. അതിനാലാണ് ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗത്തില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ദുബൈയിലെ കേസില്‍ ബിനോയ് സമന്‍സ് അയച്ചിട്ടുണ്ടെന്നും രാംകിഷോര്‍ സിങ് യാദവ് പറഞ്ഞു.

തിങ്കളാഴ്ചക്കുള്ളില്‍ പണം കിട്ടിയില്ലെങ്കില്‍ കേസിന്റെ രേഖകള്‍ പരസ്യപ്പെടുത്താനുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മര്‍സൂഖി.

ബിനോയ് കോടിയേരി 13 കോടി രൂപയും എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് 11 കോടി രൂപയുമാണ് നല്‍കാനുള്ളത്.