മാഡ്രിഡ് : ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചെക്കേറാന്‍ ഒരുങ്ങുന്നു. സ്പാനിഷ് ലാലീഗയിലെ മോശം ഫോമും റയല്‍ നായകന്‍ സെര്‍ജിയോ റാമോസുമായുള്ള പിണക്കവുമാണ് റയല്‍ വിടാന്‍ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോയെ പ്രേരിപ്പിക്കുന്നത്. നേരത്തെ ടാക്‌സ് വെട്ടിപ്പു വിവാദവുമായി സ്പാനിഷ് ഭരണകൂടം ക്രിസ്റ്റ്യാനോക്കെതിരെ നടപ്പടിക്ക് ഒരുങ്ങിയപ്പോള്‍ ക്ലബിന്റെ ഭാഗത്തു നിന്നും വേണ്ടവിധം പിന്തുണ ലഭിക്കാത്തതും ക്ലബ്മാറ്റ തീരുമാനത്തിന് കാരണമായെന്ന് യൂറോപ്പ് മാധ്യമം ദി എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റിയാനോ നടപ്പു സീസണില്‍ ലാലീഗയില്‍ മോശം ഫോം തുടരുകയാണ്. എട്ടു കളികളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതിനിടയില്‍ ടീമിലെ താരങ്ങളെ നിലനിര്‍ത്തുന്നതിലും പുതിയ താരങ്ങളെ വാങ്ങുന്നതിലും റയല്‍ പരാജയമായെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞത് ക്ലബ് നായകന്‍ റാമോസിനെ ചൊടിപ്പിച്ചു. ക്രിസ്റ്റ്യനോയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ മാത്രമാണെന്നും അതു ശരിയല്ലെന്നും പറഞ്ഞതോടെ ഇരുവരും തമ്മില്‍ തുറന്ന വാക് പോരിന് വേദിയായി.

2021വരെ റയലുമായി കരാറുള്ള മുപ്പതിരണ്ടുകാരന്‍ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് തന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസുമായി കൂടികാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അറബ് ഉടമസ്ഥതയിലുള്ള പി.എസ്.ജി നേരത്തെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സയില്‍ നിന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ ടീമിലെത്തിച്ചിരുന്നു.