രാജേഷ് വെമ്പായം
തിരുവനന്തപുരം

സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും ഇനിമുതല്‍ വിവരശേഖരണം ഐ.ടി@സ്‌കൂള്‍ വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്‌കൂള്‍മാനേജ്‌മെന്റ് പോര്‍ട്ടല്‍ വഴിമാത്രം നടത്തുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്നു മുതല്‍ 12വരെ ക്ലാസുകളിലെ കുട്ടികളുടെ എല്ലാ വിവരങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തണം. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തണം.
നിലവില്‍ വിദ്യാഭ്യാസ വകുപ്പിലേയും മറ്റു വകുപ്പുകളിലേയും വിവിധ ഏജന്‍സികള്‍ക്ക് സോഫ്റ്റ്വെയര്‍ വഴിയും അല്ലാതെയും ഒരേ വിവരങ്ങള്‍തന്നെ പലതവണ സ്‌കൂളുകള്‍ക്ക് നല്‍കേണ്ട അവസ്ഥ ഇതോടെ പൂര്‍ണമായും ഒഴിവാകും. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ ഡാറ്റാ ശേഖരണ സംവിധാനത്തില്‍ പേപ്പര്‍ രീതി ഒഴിവായി പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാകും. ഇതനുസരിച്ച് പരീക്ഷാഭവന്‍, എസ്.എസ്.എ, ആര്‍.എം.എസ്.എ, സ്റ്റാറ്റിക്‌സ് വിഭാഗം തുടങ്ങിയ ഏജന്‍സികള്‍ക്ക് ആവശ്യമായ ഡാറ്റ കൂടി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും. സമ്പൂര്‍ണയിലെ വിവരങ്ങളുടെ ആധികാരികത കാലാകാലങ്ങളില്‍ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റുകള്‍ അതതു സമയങ്ങളില്‍ പുറപ്പെടുവിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
സമ്പൂര്‍ണ സോഫ്റ്റ്വെയറില്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ റജിസ്റ്ററിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമുള്ള ലിസ്റ്റുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, പ്രൊമോഷന്‍ ലിസ്റ്റ്, സ്‌പോര്‍ട്‌സ് – സ്‌കൂള്‍ കലോല്‍സവം തുടങ്ങിയ മത്സരങ്ങള്‍ക്കാവശ്യമായ പ്രവേശന ഫോറങ്ങള്‍ തയാറാക്കല്‍, എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള എ-ലിസ്റ്റ്, കുട്ടികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങി സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനാവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010 ലാണ് ഐടി@സ്‌കൂള്‍ പ്രോജക്ട് സമ്പൂര്‍ണ സോഫ്റ്റ്വെയര്‍ പുറത്തിറക്കുന്നത്. സമ്പൂര്‍ണ നടപ്പാക്കിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ അഡ്മിഷന്‍ റജിസ്റ്ററില്‍ വിദ്യാര്‍ത്ഥികളുടെ പേര്, മതം, ജനനതിയതി എന്നിവ തിരുത്തുന്നതിന് ഡി.ഇ.ഒ-എ.ഇ.ഒ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കി 2012ല്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് കേരളത്തിലെ ഇ-ഗവേര്‍ണന്‍സ് നിര്‍വഹണത്തിലെ നാഴികക്കല്ലായിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുട്ടി ഒന്നാം ക്ലാസില്‍ ചേരുന്നത് മുതല്‍ തുടര്‍ന്നങ്ങോട്ട് അവരുടെ പഠന പുരോഗതി വിലയിരുത്താനും അഭിരുചി നിര്‍ണയംവരെ സാധ്യമാക്കാനും കഴിയുന്ന തരത്തില്‍ ‘സമ്പൂര്‍ണ’ യെ മാറ്റിയെടുക്കുമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കുട്ടികളുടെ വിശദാംശങ്ങള്‍ക്കു പുറമെ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിശദാംശങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും. സ്‌കൂളുകളെ സംബന്ധിക്കുന്ന അനുബന്ധ സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, സാനിറ്റേഷന്‍ സൗകര്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങളും ഈ വര്‍ഷം തന്നെ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠനനിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന രൂപത്തില്‍ മെച്ചപ്പെടുത്തും.
ഈ വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് പൂര്‍ണമായും സമ്പൂര്‍ണ സോഫ്റ്റ്വെയര്‍ വഴിയായിരിക്കും എന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറത്തിറക്കി. ഇതുപ്രകാരം കുട്ടികളുടെ ആവശ്യമുള്ള വിശദാംശങ്ങള്‍ സോഫ്റ്റ്വെയറില്‍ നല്‍കിയാല്‍ മാത്രമേ റിപ്പോര്‍ട്ട് തയാറാകൂ. നാളെ നടക്കുന്ന കണക്കെടുപ്പില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള സാങ്കേതിക സഹായം നല്‍കാന്‍ ഐടി@സ്‌കൂള്‍ 163 വിദ്യാഭ്യാസ ഉപജില്ലകളിലും ഹെല്‍പ്ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.