റഷ്യ ലോകകപ്പില്‍ ഇന്ന് നടക്കുന്ന സ്വീഡന്‍-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി പരസ്യ വെല്ലുവിളികളുമായി സ്വീഡന്റെ മുന്‍ സൂപ്പര്‍ താരം സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചും ഇംഗ്ലീണ്ട് താരം ഡേവിഡ് ബെക്കാമും രംഗത്ത്.

ഇംഗ്ലണ്ടും-സ്വീഡനും മുഖാമുഖം വന്നതോടെ അടുത്ത സുഹൃത്തായ ബക്കാമുമായി രസകരമായ വെല്ലുവിളിയുമായി ഇബ്രാഹിമോവിച്ചാണ് ആദ്യം എത്തിയത്. ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള ക്വാട്ടര്‍ ഫൈനലില്‍ സ്വീഡന്‍ വിജയിച്ചാല്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ ശൃംഖലയായ ഐ.കെ.ഇ.എയില്‍ നിന്ന് ആവശ്യപ്പെടുന്നത് വാങ്ങി നല്‍കണമെന്നായിരുന്നു ബെക്കാമിനോടുള്ള അദ്ദേഹത്തിന്റെ വെല്ലുവിളി.

ഇംഗ്ലണ്ട് വിജയിച്ചാല്‍ ലോകത്ത് എവിടെ നിന്നും ഡിന്നര്‍ വാങ്ങി നല്‍കാം എന്ന ഓഫറും ഭക്ഷണപ്രിയന്‍ കൂടിയായ ബെക്കാമിന് ഇബ്രാഹിമോവിച്ച് നല്‍കി.

എന്നാല്‍ ഇബ്രാഹിമോവിച്ചിന്റെ വെല്ലുവിളി സ്വീകരിച്ച ബക്കാം വമ്പന്‍ വെല്ലുവിളിയുമായി തിരിച്ചടിച്ചാണ് രംഗത്തെത്തിയത്. ഇന്ന് രാത്രി ഇംഗ്ലണ്ട്-സ്വീഡന്‍ മത്സരം നടക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോകുന്ന ബെറ്റ് നടന്നത് ട്വിറ്ററിലൂടെയാണ്. ഇബ്രാഹിമോവിച്ചിന്റെ ആവശ്യം സമ്മതിച്ച ബെക്കാം മത്സരത്തില്‍ ഇംഗ്ലണ്ടാണ് വിജയിക്കുന്നതെങ്കില്‍ വെബ്ലിയില്‍ ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞ് വന്ന് ഇബ്രാഹിമോവിച്ച് മത്സരം കാണണമെന്ന മറുപടിയാണ് ബെക്കാം ട്വീറ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 7.30-ന് സമാറയിലാണ് ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ഫൈനല്‍.