സാത്‌ന: മധ്യപ്രദേശിലെ സാത്‌നയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് വധശിക്ഷ. 23 വയസുകാരനായ മഹേന്ദ്ര സിങ് ഗോണ്ടിനാണ് ജില്ലാ ജഡ്ജി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ ഒന്നിനാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

കേസില്‍ പോക്‌സോ നിയമപ്രകാരവും ഐ.പി.സി 376 എബി എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ. മാസങ്ങള്‍ക്ക് മുമ്പാണ് 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന 376 എബി നിയമം ലോക്‌സഭ പാസാക്കിയത്.