ജയ്പൂര്‍: രൂപയുടെ മൂല്യ തകര്‍ച്ചയാലും ഇന്ധന വിലയിലെ വര്‍ദ്ധനവിനാലും രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയുമാണ് രാജ്യത്തെ നശിപ്പിച്ചതെന്ന് രാഹുല്‍ ആരോപിച്ചു.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഞ്ഞടിച്ച്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ രാജ്യത്തെ പിന്നോക്കം കൊണ്ടു പോയതായി രാഹുല്‍ ആരോപിച്ചു. നോട്ട് നിരോധനവും ഗബ്ബാര്‍ നികുതിയായ ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ചു കളഞ്ഞതായി രാഹുല്‍ ആരോപിച്ചു. ദോല്‍പൂര്‍ മാനിയയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ കാവല്‍ക്കാരന്‍ ആകാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അദ്ദേഹം ആരെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും രാഹുല്‍ പരാമര്‍ശിച്ചു.

കര്‍ഷകര്‍ക്ക് പകരമായി രാജ്യത്തെ ഇരുപതോളം വ്യവസായികളില്‍ നിന്നും മോദി സഹായം കൈപ്പറ്റുന്നുണ്ട്. റഫാല്‍ ഇടപാടില്‍ പോലും മോദിയുടെ സുഹൃത്തിന് സഹായം ലഭിച്ചു. എന്നാല്‍, ഇക്കാര്യത്തെപ്പറ്റി പാര്‍ലമെന്റില്‍ ഒരു വാക്കു പോലും പറയാന്‍ അദ്ദേഹം തയാറായില്ല. യുപിഎ എന്നും കര്‍ഷകര്‍ക്കൊപ്പമാണ് നടന്നത്. മുന്‍ സര്‍ക്കാര്‍ 70,000 കോടി രൂപയുടെ കാര്‍ഷിക കടമാണ് തള്ളികളഞ്ഞത്. എന്നാല്‍, 3.5 ലക്ഷം കോടിയുടെ കിട്ടാക്കടം കേന്ദ്രസര്‍ക്കാര്‍ എഴുതി തള്ളി. പക്ഷേ ഒരു രൂപയുടെ സഹായം പോലും ഇതില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. നിരവ് മോദി, മെഹുല്‍ ചോക്‌സി, ലളിത് മോദി, അനില്‍ അംബാനി എന്നിവരെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യം ലഭിച്ചവരാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് ദുരിതം മാത്രമാണ് മിച്ചം ലഭിച്ചത്. ജിഎസ്ടിയിലൂടെയും നോട്ട് നിരോധനത്തിലൂടെയും സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ നശിപ്പിച്ചു കളഞ്ഞു.

ഭരണത്തില്‍ കര്‍ഷകര്‍ക്ക് പിന്നാലെ ചെറുകിട സംരംഭകര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരും ദുരിതം പേറുന്നു. മുന്‍ യുപിഎ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിയത്. മുന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സൗജന്യ മരുന്നു വിതരണം നടത്തിയിരുന്നു. ഇത് പോലും അട്ടിമറിക്കപ്പെട്ടു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിലും രാഹുല്‍ പങ്കെടുത്തു.