കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടു ദിവസത്തേക്ക് ദിലീപിനെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടുനല്‍കിയത്. നടിയെ ആക്രമിച്ച കേസ് അങ്കമാലി കോടതി ആദ്യ കേസായാണ് പരിഗണിച്ചത്. രാവിലെ 10.30 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദിലീപിന് ഇപ്പോള്‍ ജാമ്യം അനുവദിച്ചില്ല. ജാമ്യാപേക്ഷയില്‍ രണ്ടുദിവസത്തിനകം വിധി പറയാമെന്നും കോടതി പറഞ്ഞു.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നല്‍കിയ ജാമ്യാപേക്ഷയും പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയുമാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. അതേസമയം, താന്‍ നിരപരാധിയാണെന്നും കേസില്‍ തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ദിലീപിനെതിരെയുള്ള തെളിവുകള്‍ കൃത്രിമമായുണ്ടാക്കിയതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ഗൂഢാലോചനയില്‍ പങ്കുള്ള സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ദിലീപിനെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതുണ്ട്. തൃശൂരിലും കൊച്ചിയിലും എത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തും. കൂടാതെ തെളിവുനശിപ്പിച്ചവരെക്കുറിച്ചും ദിലീപിനോട് കൂടുതല്‍ ചോദ്യം ചെയ്യും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.