ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും സുഹൃത്തുമായ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമി ടോമി രഹസ്യമൊഴി നല്‍കിയത്.

ഉച്ചക്കു രണ്ടു മണിയോടെയാണ് രഹസ്യമൊഴി നല്‍കുന്നതിനായി റിമി ടോമി കോതമംഗലം കോടതിയില്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ റിമി ടോമിയെ ചോദ്യം ചെയ്തിരുന്നു.

ദിലീപ്, കാവ്യാമാധവന്‍, റിമി ടോമി, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ നേരത്തെ നല്ല സുഹൃത്തുക്കളായിരുന്നു.

ദിലീപിനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത റിമിക്ക് ദിലീപും നടിയുമായി ഉണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ച് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതിനാല്‍ അന്വേഷണസംഘം നേരത്തെ ഫോണിലൂടെ റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്ന ആരോപണം അന്ന് റിമി ടോമി നിഷേധിച്ചിരുന്നു.

വിദേശഷോകളുടെ വിവരം

ദിലീപിനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവുമുള്ള വിദേശഷോകളുടെ കൂടുതല്‍ വിവരങ്ങളാണ് കോടതിയില്‍ പറഞ്ഞതെന്ന് 50 മിനിറ്റു നീണ്ട മൊഴിയെടുക്കലിനു ശേഷം റിമി ടോമി പറഞ്ഞു.