ചരിത്രത്തില്‍ ഇന്നേ വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കടന്നുപോകുന്നത്. ബിരിയാണി ചെമ്പില്‍ ഒളിപ്പിക്കാന്‍ നോക്കിയിട്ടും അടങ്ങാതെ പുറത്തുചാടിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ വിയര്‍ക്കുകയാണ്. ഒരുകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്ക് വിശ്വസ്തയായിരുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ നാണം കെടുത്തിരിക്കുന്നു. കേള്‍ക്കുന്നതൊന്നും സത്യമാകരുതേ എന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ക്ലിഫ് ഹൗസില്‍നിന്ന് അരുതാത്തത് മണത്തു തുടങ്ങിട്ടുണ്ട്. പ്രസ്താവനകളിലൂടെ അടയ്ക്കാന്‍ പറ്റാത്ത വിധം വലുതാണ് പാര്‍ട്ടിക്ക് വീണിരിക്കുന്ന ഓട്ടകളെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

തൃക്കാക്കരയില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം തീരുന്നതിന് മുമ്പാണ് ഇടതു പാളയത്തില്‍ ഭൂകമ്പം സൃഷ്ടിച്ച് പുതിയ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നിരിക്കുന്നത്. സി.പി.എം നേതാക്കളുടെ കൂട്ടത്തില്‍ സംശയത്തിന്റെ കരിനിഴലില്‍ എക്കാലവും കരിപുരണ്ട് നില്‍ക്കുന്ന നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെ ശരിവെക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഭരണ സംവിധാനങ്ങളും അധികാര സ്വാധീനവും ഉപയോഗിച്ച് മുഖ്യമന്ത്രിയും സഹ പ്രവര്‍ത്തകരും നടത്തിയ അഴിമതികളുടെയും നിയമലംഘനങ്ങളുടെയും നീണ്ട പട്ടിക നീണ്ടുകിടക്കുകയാണ്. അങ്ങാടിപ്പാട്ടായിരിക്കുന്ന ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ഒളിച്ചിരിക്കാന്‍ ബിരിയാണി ചെമ്പിന് വലുപ്പം പോരെന്ന് പിണറായിക്ക് അറിയാം. തച്ചുതകര്‍ത്തും ബഹളം വെച്ചും പുതിയ വിവാദങ്ങള്‍ക്ക് തീ കൊടുത്തും പുകമറയും പൊടിപടലവും സൃഷ്ടിക്കാനാവുമോ എന്നാണ് അദ്ദേഹം ആലോചിക്കുന്നത്. അതിലൂടെ വിലക്കയറ്റവും ഷോക്കേല്‍പ്പിക്കുന്ന വൈദ്യുതി ചാര്‍ജും ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകാതെ പോകണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്.

വിവാദങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ വലിയ ബുദ്ധി തനിക്ക് തുണയാകുമെന്ന് കരുതിയെങ്കിലും തന്ത്രങ്ങള്‍ തുടക്കത്തിലേ അതിവേഗം ചീറ്റുന്നത് കണ്ട് പിണറായി അമ്പരന്നിരിക്കുകയാണ്. സ്വപ്‌നയുടെ വായടപ്പിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന വെപ്രാളങ്ങളും ക്രമസമാധാന പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളും സി.പി.എമ്മിനെ ഗ്രസിച്ചിരിക്കുന്ന ഭയത്തിന് തെളിവായാണ് വിലയിരുത്തപ്പെടുന്നത്. ഒരു കാലത്ത് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ തോളിലേറ്റി നടന്നിരുന്നവര്‍ ഇപ്പോള്‍ സ്വപ്‌നയുടെ ചോദ്യ ശരങ്ങളില്‍ മുറിവേറ്റ് കിടക്കുകയാണ്. സ്വപ്‌നയെ അറിയില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും പറയുന്നില്ല. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സ്വപ്‌നക്ക് ലഭിച്ച ജോലിയും സംരക്ഷണവുമെല്ലാം നിഷേധ പ്രസ്താവനകളിലൂടെ മായ്ച്ചുകളയാന്‍ പറ്റില്ല. പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായി സ്വപ്‌നക്കുള്ള ബന്ധവും പിന്നാമ്പുറ കഥകളും നാട്ടുകാര്‍ക്ക് നല്ലപോലെ അറിയാവുന്ന സത്യങ്ങളാണ്.

മകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ കേട്ട് നിയമസഭയില്‍ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറായിട്ടില്ല. വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ സ്തംഭിച്ചുനില്‍ക്കുന്ന പിണറായിയെ രക്ഷിക്കാന്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന ആസൂത്രിത അക്രമങ്ങളും ചരടുവലികളും സി.പി.എമ്മിന് തിരിച്ചടിയായിത്തുടങ്ങിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐക്കാരെ അഴിച്ചുവിട്ട് അടിച്ചുതകര്‍ത്തത് മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനുള്ള വിഫല ശ്രമങ്ങളില്‍ ഒന്നുമാത്രം. തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ അക്രമിയെ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ രഹസ്യവും മറ്റൊന്നുമല്ല.

സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയും പി.സി ജോര്‍ജിന്റെ അറസ്റ്റും ഉണ്ടാക്കുന്ന ബഹളങ്ങള്‍ പിണറായിക്ക് മുതല്‍ക്കൂട്ടാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയെങ്കിലും നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഗൂഢാലോചന കേസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതി പരാതി നല്‍കിയതും ധൃതിപിടിച്ചുള്ള അറസ്റ്റും നടന്നത്. പ്രതീക്ഷിച്ചതുപോലെ രംഗം കൊഴിപ്പിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനും സാധിക്കാതെ ഇളിഭ്യരായി നില്‍ക്കുകയാണ് ഇടതു നേതാക്കളിപ്പോള്‍. സ്വപ്‌നയെ പ്രതിരോധിക്കാന്‍ ആരെയൊക്കെ രംഗത്തിറക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും അറിയാതെ സി.പി.എം ഇരുട്ടില്‍ തപ്പുകയാണ്. സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും ചെളിക്കുഴിയില്‍നിന്ന് കരകയറ്റാന്‍ ഇനിയെന്ത് നാടകമാണ് അവര്‍ ഒരുക്കുന്നതെന്ന് കാത്തിരുന്നു തന്നെ കാണണം.