ന്യൂഡൽഹി: മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ. ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ വിധിച്ചത്.
നെതർലാൻഡ്സിൽ അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന വിജിലൻസ് നവംബറിൽ തന്നെ ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ, വിജിലൻസ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സുപ്രീം കോടതിയെ ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു.
ഈ വാദത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി. ഹമീദും ശക്തമായി എതിർത്തു. നവംബറിൽ വിജിലൻസ് കേന്ദ്രത്തിന് അയച്ച കത്തിന്റെ പകർപ്പ് ഇരുവരും കോടതിയിൽ സമർപ്പിച്ചു. തുടർന്ന്, വസ്തുത വ്യക്തമാക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.
ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരായ എസ്.വി. രാജു, താൻ കോടതിയെ അറിയിച്ചത് തെറ്റായ വിവരമാണെന്ന് സമ്മതിച്ചു. ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നും, അനവധിക്കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുണ്ടായ ചെറിയ പിഴവാണിതെന്നും ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
എന്നാൽ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതി വിധി പ്രസ്താവിച്ചിരുന്നെങ്കിൽ എന്തായേനെ എന്ന് ചോദിച്ച ബെഞ്ച്, കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു. ആദ്യം 50,000 രൂപ പിഴയിടാനാണ് കോടതി തീരുമാനിച്ചിരുന്നതെങ്കിലും, അഡീഷണൽ സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന പരിഗണിച്ച് അത് 25,000 രൂപയായി കുറയ്ക്കുകയായിരുന്നു.
വീഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേതാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, പിഴ കേന്ദ്ര സർക്കാരിനാണ് ചുമത്തുന്നതെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരിൽ നിന്ന് തുക ഈടാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് കോടതിയിൽ ഹാജരായി. ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതികളായ ഡച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുന്നതിനായി കേരളം കേന്ദ്ര സർക്കാരിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്വേഷണവുമായി ബന്ധപ്പെട്ട് നെതർലാൻഡ്സിലേക്ക് ഉദ്യോഗസ്ഥരെ അയക്കാനുള്ള നടപടികൾ ആരംഭിച്ചത്.