‘എല്ലാ വകുപ്പുകളിലും ക്യാപ്റ്റന്മാരുണ്ട്. ഞാനായിരിക്കും അവര്‍ക്കൊക്കെ റഫറി. ആരെങ്കിലും നിയമം ലംഘിച്ചാല്‍ ഞാന്‍ മഞ്ഞക്കാര്‍ഡും പിന്നെയുമത് തുടര്‍ന്നാല്‍ ചുവപ്പുകാര്‍ഡും കാണിക്കും’. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഡയറക്ടറായി ഇടതുസര്‍ക്കാര്‍ വീരപരിവേഷത്തോടെ നിയമിച്ച ഡി.ജി.പി ജേക്കബ് തോമസ് സ്ഥാനമേറ്റശേഷം രണ്ടു കാര്‍ഡുകള്‍ കുപ്പായക്കീശയില്‍നിന്ന് ഉയര്‍ത്തിക്കാട്ടി പറഞ്ഞ വാചകങ്ങളാണിത്. എന്നാല്‍ അതേ ഡി.ജി.പിക്ക് ആറുമാസം പിന്നിട്ടപ്പോള്‍തന്നെ വിജിലന്‍സ് കോടതിയില്‍ നിന്ന് കിട്ടിയത് മുന്നറിയിപ്പിന്റെ അതേ മഞ്ഞക്കാര്‍ഡാണ് എന്നത് വലിയ കൗതുകം ജനിപ്പിക്കുന്നു.

ഇതെന്തതിശയമെന്നാണ് ജനം മൂക്കത്തുവിരല്‍വെച്ച് ചോദിക്കുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് പറയേണ്ടിവന്നത് സര്‍ക്കാരിനും വിജിലന്‍സിനും ജനത്തിനുതന്നെയും നാണക്കേടായി. സ്വന്തക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ അവരോധിച്ചതിന് ആറുമാസത്തിനകമാണ് സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന് രാജിവെച്ചുപോകേണ്ടിവന്നത്.

പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരായി സുപ്രീം കോടതിയുടെ മാഗ്നാകാര്‍ട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ലളിതകുമാരി-യു.പി സര്‍ക്കാര്‍ കേസിലെ വിധി പ്രകാരം പരാതി ലഭിച്ച് ഏഴു ദിവസത്തിനകവും ഏറിയാല്‍ 45 ദിവസത്തിനകവും പ്രഥമ വിരവര റിപ്പോര്‍ട്ട് തയ്യാറാക്കി കേസന്വേഷണം നടത്തണം. എന്നാല്‍ ജയരാജന്റെ കാര്യത്തില്‍ രണ്ടു മാസമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഗതാഗത വകുപ്പു കമ്മീഷണറായിരുന്ന എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരായ അഴിമതിയുടെ കാര്യത്തിലും അന്വേഷണം തഥൈവ.

തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഫിഷറീസ്-കശുവണ്ടി വകുപ്പു മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മക്കെതിരെ നവംബര്‍ 30നാണ് അഡ്വ. പി. റഹീം വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത് ഒരു മാസം കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ടായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി റഹീമിന്റെതന്നെ പരാതി പരിഗണിച്ചത്. പരാതിയിന്മേല്‍ നടപടിയെടുക്കുന്നത് അതേ പരാതി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചശേഷമാണ് എന്നതാണ് വിജിലന്‍സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ കാരണം.

അതുവരെ പരാതിയില്‍ അടയിരിക്കുകയായിരുന്നു വിജിലന്‍സ്. നടപടിക്ക് രാഷ്ട്രീയ മേലാളന്മാരുടെ അനുമതിക്ക് കാത്തുകെട്ടിക്കിടന്നതാണോ എന്ന സംശയവുമുയരുന്നു. ഇതാണ് കോടതിയുടെ ശാസനക്ക് കാരണം. അപ്പോള്‍ ജേക്കബ് തോമസിന്റെ ക്രിയേറ്റീവ് വിജിലന്‍സും അച്ചടക്കക്കാര്‍ഡുകളും എവിടെപ്പോയി എന്ന ചോദ്യമുയരുന്നത് സ്വാഭാവികം.

മെഴ്‌സിക്കുട്ടിയമ്മക്കെതിരായ പരാതി നേരത്തെ തന്നെ സംസ്ഥാന രാഷ്ട്രീയ രംഗത്ത് ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിവെച്ചിരുന്നെങ്കിലും ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിയും അന്വേഷണത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഏഴു മാസം മാത്രം പൂര്‍ത്തിയാകുന്ന പിണറായി സര്‍ക്കാരില്‍ ഇതോടെ അന്വേഷണം നേരിടുന്ന മൂന്നാമത്തെ മന്ത്രിയാണ് മെഴ്‌സിക്കുട്ടിയമ്മ. തോട്ടണ്ടി ഇറക്കുമതിയിലൂടെ സംസ്ഥാന ഖജനാവിന് 10.34 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇടപാടില്‍ മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ട നിലക്ക് ഇടതു പക്ഷ സര്‍ക്കാരിന്റെ മറ്റൊരു മുഖംമൂടികൂടി അഴിഞ്ഞുവീഴുകയാണ്.

 

കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷത്തെ പ്രമുഖ എം.എല്‍.എയും കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡണ്ടുമായ വി.ഡി സതീശന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. ഡോളര്‍ രൂപയിലാക്കിയപ്പോള്‍ തുക കൂടിയതാണൈന്ന വിചിത്രവാദമാണ് മന്ത്രി അന്ന് ഉന്നയിച്ചിരുന്നത്. ആരോപണത്തില്‍ സത്യത്തിന്റെ കണികയില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുരംഗം വിടാമെന്നുമായിരുന്നു മന്ത്രിയുടെ വെല്ലുവിളി.തോട്ടണ്ടി ഇടപാടില്‍ നാല് ടെണ്ടറിലുകളിലായാണ് ഇടപാട് നടന്നത്. ഇതില്‍ സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന് 6.87 കോടിയുടെയും കാപെക്‌സിന് 3.47 കോടിയുടെയും നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

 

കിലോഗ്രാമിന് 118 രൂപക്കും 132 രൂപക്കും തരാമെന്നേറ്റിരുന്ന അസംസ്‌കൃത കശുവണ്ടിയാണ് വലിയ തുക കൊടുത്ത് മന്ത്രിയുടെ ഒത്താശയോടെ വാങ്ങിയിരിക്കുന്നത്. ഐവറി കോസ്റ്റായിരുന്നു 118 രൂപക്ക് തോട്ടണ്ടി തരാമെന്നേറ്റത്. എന്നാല്‍ ഇതുപോലും അധിക തുകയാണെന്ന് വിലയിരുത്തിയാണ് കാപെക്‌സ് ടെണ്ടര്‍ റദ്ദാക്കിയത്. എന്നാല്‍ പത്തു ദിവസത്തിനുശേഷം 124 രൂപക്ക് ഇതേ കരാര്‍ അനുസരിച്ച് മന്ത്രിയിടപെട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുകയായിരുന്നു.

സംസ്ഥാനത്തെ കശുവണ്ടി മേഖല ഏറെക്കാലമായി വന്‍തോതിലുള്ള പ്രതിസന്ധി നേരിടുകയാണ്. ആവശ്യത്തിന് തോട്ടണ്ടി ലഭ്യമല്ലാത്തതിനാലും തൊഴിലാളികളുടെ കൂലി സംബന്ധിച്ച പ്രശ്‌നങ്ങളാലും മിക്ക തോട്ടണ്ടി സംസ്‌കരണ സ്ഥാപനങ്ങളും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതുകാരണമാണ് പുറത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ കോര്‍പറേഷനും സര്‍ക്കാരും തീരുമാനിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടുതല്‍ നല്‍കി തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അന്നത്തെ സര്‍ക്കാര്‍ ഇതിന് കൂട്ടുനിന്നില്ല. എന്നാല്‍ മെഴ്‌സിക്കുട്ടിയമ്മ ഇതിന് രഹസ്യമായി തയ്യാറാകുകയായിരുന്നുവെന്നാണ് സൂചനകള്‍.

 
വിജിലന്‍സ് അന്വേഷണം നടത്തിയ ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രിമാരായ കെ.എം മാണി, കെ. ബാബു എന്നിവര്‍ക്കെതിരായ ആരോപണങ്ങളും തെളിവില്ലാതെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടന്നുവരുന്നു. ധനകാര്യ സെക്രട്ടറിക്കെതിരായ പരാതിയിന്മേല്‍ കഴമ്പില്ലെന്നാണിപ്പോഴത്തെ കണ്ടെത്തല്‍. ഇതേച്ചൊല്ലി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലെ ചക്കളത്തിപ്പോര് മറനീക്കി പുറത്തുവന്നിരുന്നു. വിജിലന്‍സ് തലവന് നേരെ വരെ ആരോപണം ഉന്നയിക്കപ്പെടുകയുണ്ടായിട്ടും അദ്ദേഹത്തെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ ആത്മവീര്യം തകര്‍ക്കുകയാണെന്ന വാദമാണ് വിജിലന്‍സ് ഡയറക്ടര്‍ നടത്തുന്നത്.

സാധാരണക്കാരുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും വിലയാണ് ഇപ്പോള്‍ 10.34 കോടിയിലൂടെ മന്ത്രിയും മറ്റും ചേര്‍ന്ന് അടിച്ചെടുത്തിരിക്കുന്നത്. ഒരു മാസം മുമ്പു മാത്രം ചുമതലയേറ്റെടുത്ത മറ്റൊരു മന്ത്രിക്കെതിരെയുള്ള അന്വേഷണവും കോടതിയുടെ പരിഗണനയിലാണ്.

മന്ത്രി എം.എം മണിയെ അഞ്ചേരി ബേബി വധക്കേസില്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാനാകില്ലെന്ന് തൊടുപുഴ സെഷന്‍സ് കോടതി വിധിച്ചിട്ട് അദ്ദേഹവും തൊടു ന്യായങ്ങള്‍ പറഞ്ഞ് രാജിയില്‍ നിന്ന് ഒഴിഞ്ഞുനടക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ലാവലിന്‍ കേസ് സംബന്ധിച്ച വിധിയും രാഷ്ട്രീയരംഗം കാത്തിരിക്കുകയാണ്. അഴിമതിക്കെതിരെ മൂവന്തിയോളം വീറോടെ പ്രസംഗിച്ചുനടക്കുന്ന കമ്യൂണിസ്റ്റ് സഖാക്കള്‍ കേരളം ഭരിക്കുന്ന കാലത്ത് വിജിലന്‍സിനും അതിനെ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനുമെങ്കിലും പുകമറ മാറ്റേണ്ട ഉത്തരവാദിത്തമുണ്ട്.