പി. മുഹമ്മദ് കുട്ടശ്ശേരി

മനുഷ്യ ചിന്തയുടെ അത്ഭുതാവഹമായ പ്രവര്‍ത്തന ഫലങ്ങളാണല്ലോ ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതിക സൗകര്യങ്ങളും കണ്ടുപിടുത്തങ്ങളും എല്ലാം തന്നെ. സ്രഷ്ടാവ് കനിഞ്ഞേകിയ ബുദ്ധി എന്ന വിശിഷ്ട ശക്തിയുടെ കഴിവുകള്‍ വിസ്മയജന്യങ്ങളാണ്. പലപ്പോഴും ഒരു കണ്ടുപിടുത്തം ഒരൊറ്റ മനുഷ്യന്റെ ബുദ്ധിയില്‍ രൂപംകൊണ്ടായിരിക്കും. കാലം മുന്നോട്ട് നീങ്ങുംതോറും മനുഷ്യചിന്തയും വളരുകയാണ്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് ഇവ്വിധം സംവിധാനിച്ച ദൈവം ഇതിലെ ഏറ്റവും ശ്രേഷ്ഠ ജീവിയായ മനുഷ്യനോട് ഇതിലെ വസ്തുക്കള്‍ ഓരോന്നിനെപ്പറ്റിയും ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു. ചിന്തിക്കുക, ബുദ്ധി കൊടുക്കുക എന്നീ ആശയങ്ങള്‍ ദ്യോതിപ്പിക്കുന്ന പദങ്ങള്‍ എത്രയാണ് ഖുര്‍ആനിലുള്ളത്. ബുദ്ധിമാന്മാര്‍ ആകാശ ലോകങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ച് ദൈവമേ, നീ ഇത് വെറുതെ സൃഷ്ടിച്ചതല്ല; നീ എത്ര പരിശുദ്ധന്‍ എന്ന് വിസ്മയത്തോടെ പറയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഭൂമി, പര്‍വ്വതങ്ങള്‍, ജലം, ജലാശയങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കൃഷി, വൃക്ഷങ്ങള്‍, തോട്ടങ്ങള്‍, പഴങ്ങള്‍, രാവ്, പകല്‍ തുടങ്ങിയവയെപ്പറ്റി ചിന്തിക്കാനും അവയില്‍ ദൈവത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. സമുദ്രങ്ങളെ ജല വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യപ്പെടുത്തിയതും കടലില്‍ മുത്ത്, പവിഴം തുടങ്ങി ആഭരണത്തിനായുള്ള രത്‌നങ്ങള്‍ നിക്ഷേപിച്ചതും ദൈവത്തിന്റെ അനുഗ്രഹമായി എടുത്തുകാണിക്കുന്നു. വ്യത്യസ്ത ജീവികളെയും പറവകളെയും മൃഗങ്ങളെയുംപറ്റി ഖുര്‍ആന്‍ വിവരിക്കുന്നു. ‘അവര്‍ക്ക് ഒട്ടകത്തെ നോക്കിക്കൂടേ- അവ എങ്ങനെ സൃഷ്ടിക്കപ്പെട്ടു’- ഖുര്‍ആന്‍ ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു. മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങള്‍ ഓരോന്നും വൈദ്യശാസ്ത്രം അഥവാ ശരീരശാസ്ത്രം പുറത്ത്‌കൊണ്ടുവരുന്നു. ഒരുപക്ഷേ വൈദ്യശാസ്ത്രമായിരിക്കും ഇന്ന് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വിധേയമാകുന്നതുമായ ശാസ്ത്രരേഖ.
അപ്പോള്‍ ചിന്തയാണ് മനുഷ്യ പുരോഗതിയുടെ അടിസ്ഥാനം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചിന്ത ഒരു ബാധ്യതാനിര്‍വഹണവും പുണ്യകര്‍മ്മവുമാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തി ഈ ഭൗതിക ജീവിതത്തെ കൂടുതല്‍ സൗഭാഗ്യപൂര്‍ണമാക്കുക, മരണാനന്തരമുള്ള ശാശ്വത ജീവിതത്തില്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളും ഒരുമിച്ച് സാധ്യമാക്കാനുള്ള മാര്‍ഗത്തെപ്പറ്റിയാണ് വിശ്വാസി ചിന്തിക്കേണ്ടത്. പൂര്‍വകാല പണ്ഡിതന്മാര്‍ ചിന്തക്ക് എന്തൊരു പ്രാധാന്യമാണ് നല്‍കിയിരുന്നത്. അബൂദര്‍റുല്‍ ശിഫാരിയുടെ ഏറ്റവും ശ്രേഷ്ഠമായ കര്‍മ്മം എന്താണെന്ന ചോദ്യത്തിന് ഭാര്യ നല്‍കിയ മറുപടി ‘ചിന്തിക്കുക’ എന്നതാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നതിനേക്കാള്‍ ശ്രേഷ്ഠം ഒരു നാഴികനേരം ചിന്തയില്‍ മുഴുകുന്നതാണെന്ന് അദ്ദേഹം പറഞ്ഞതായി ഒരു റിപ്പോര്‍ട്ടുണ്ട്. ദീര്‍ഘനേരം ഏകാന്തതയില്‍ കഴിയുമ്പോഴാണ് ചിന്ത പുറത്ത്‌വരിക എന്ന് നബിയുടെ പൗത്രന്‍ ഹസന്‍ പറഞ്ഞതായി ഗ്രന്ഥങ്ങളിലുണ്ട്. ദൈവത്തിന്റെ അനുഗ്രഹങ്ങളെപ്പറ്റിയുള്ള ചിന്തയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധനയെന്ന് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രസ്താവിച്ചിട്ടുണ്ട്. ‘നിങ്ങള്‍ ചിന്തിച്ച് ഗവേഷണം നടത്തുക’- ഇമാം ശാഫിഈ ഉപദേശിക്കുന്നു. ‘നന്മയുടെയും ചിന്തയുടെയും അടിസ്ഥാനം ചിന്തയാണ്’- ഇബ്‌നുല്‍ ഖയ്യിം പറയുന്നു. എന്നാല്‍ ഒരു വിശ്വാസി ഒരിക്കലും പരലോകത്തെ വിസ്മരിച്ചുകൊണ്ട് ചിന്തിക്കുകയില്ല. തന്റെ ഉള്ളില്‍ ദുഷിച്ച ചിന്തകള്‍ കടന്നുകൂടുന്നതിനെ സൂക്ഷിക്കുകയും ചെയ്യും. ചിന്ത എപ്പോഴും സ്രഷ്ടാവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഉപകരിക്കുംവിധമായിരിക്കണം. അല്ലെങ്കില്‍ വഴിതെറ്റാന്‍ സാധ്യതയുണ്ട്. പ്രകൃതി വസ്തുക്കളെപ്പറ്റി പഠന ഗവേഷണം നടത്തുമ്പോള്‍ അവ, ഇത്രയും അത്ഭുതകരമാംവിധം സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യത്തെപ്പറ്റി ബോധം ജനിപ്പിക്കുംവിധമായിരിക്കണം. ഈ ബോധമില്ലെങ്കില്‍ പല ചിന്തകന്മാര്‍ക്കും സംഭവിച്ച പോലെ ദൈവമില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേരുക. ദൈവത്തെ ഈ പ്രകൃതി വസ്തുക്കളില്‍ എത്ര പരിശോധിച്ചാലും, ലബോറട്ടറിയില്‍ തിരിച്ചും മറിച്ചും നോക്കിയാലും കണ്ടെത്തുക സാധ്യമല്ലല്ലോ.
വായനയാണ് മനുഷ്യ ചിന്തയെ ഉണര്‍ത്തി കര്‍മോന്മുഖമാക്കുന്നത്. ‘വായിക്കുക’ എന്ന കല്‍പനയോടെയാണ് ദൈവിക ഗ്രന്ഥമായ ഖുര്‍ആന്റെ ആരംഭം തന്നെ. ഖുര്‍ആന്റെ ചിന്തിക്കാനുള്ള ആഹ്വാനം ചെവിക്കൊണ്ട് പഠന ഗവേഷണം നടത്തി ലോകത്തിന് വിജ്ഞാന, ശാസ്ത്ര രംഗങ്ങളില്‍ കനത്ത സംഭാവനകള്‍ നല്‍കിയ ധാരാളം പണ്ഡിതന്മാരുണ്ട്. വൈദ്യശാസ്ത്രത്തിലെ സര്‍വകാല ഗുരു ഇബ്‌നുസിനാ, അരിസ്റ്റോട്ടിലിന്റെ വ്യാഖ്യാതാവും സ്വതന്ത്ര ചിന്തകനുമായ ഇബ്‌നുറുശ്ദ്, ആള്‍ജിബ്ര കണ്ടുപിടിച്ച അല്‍ഖുവാരിസ്മി, രസതന്ത്രവും വൈദ്യവും സമന്വയിപ്പിച്ച റാസി, സസ്യശാസ്ത്ര നിപുണനായ ഇബ്‌നുല്‍ ബൈതാര്‍, മെക്കാനിക്കില്‍ അടിസ്ഥാന നിയമങ്ങള്‍ ആവിഷ്‌കരിച്ച ഇബ്‌നുല്‍ഹാജ്, സമുദ്ര ശാസ്ത്രത്തിലെ നിപുണനായ ഇബ്‌നുമാജിദ്, സംസ്‌കൃതം പഠിച്ച് ഇന്ത്യയെ കണ്ടെത്തിയ അല്‍ബീറൂനി, ഗോള ശാസ്ത്രത്തില്‍ പ്രസിദ്ധനായ ബല്‍ഖീ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം: ഇവരെല്ലാം അവര്‍ നൈപുണ്യമാര്‍ജ്ജിച്ച വിഷയങ്ങളില്‍ നിലവില്‍ വ്യത്യസ്ത ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യിച്ച് പഠിച്ചവരായിരുന്നു. ചിലര്‍ ആ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട ഭാഷകള്‍തന്നെ അഭ്യസിച്ചാണ് ആ ഗ്രന്ഥങ്ങള്‍ പഠിച്ചത്. ഈ പണ്ഡിതന്മാര്‍ ഓരോ വിഷയത്തിലും പിന്നെ അറബിയില്‍ രചിച്ച ഗ്രന്ഥങ്ങളാണ് അടിസ്ഥാന മൂല്യങ്ങളായി ഗണിക്കപ്പെട്ടത്. ഈ ഗ്രന്ഥങ്ങള്‍ അറബിയില്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു.
എന്നാല്‍ ‘വായിക്കുക’ എന്ന ആദ്യ വാക്യത്തോടെ അവതരിച്ച വിശുദ്ധ വേദ ഗ്രന്ഥത്തിന്റെ അനുയായികളുടെ അവസ്ഥയെന്താണ്. ചിന്തയുടെയും കണ്ടുപിടുത്തങ്ങളുടെയും വിഷയത്തില്‍ പൂര്‍വികരുടെ പാരമ്പര്യം തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ന് ഭൗതിക വിജ്ഞാനം, ശാസ്ത്രം, ഗവേഷണം കണ്ടുപിടുത്തം തുടങ്ങിയ മേഖലകളില്‍ മുന്‍പന്തിയില്‍ വിരാജിക്കുന്ന പാശ്ചാത്യരാണ് വായനയിലും മുന്‍നിരയില്‍. അവര്‍ വര്‍ഷത്തില്‍ പന്തീരായിരം മിനുട്ട് വായിക്കുന്നുവെന്നാണ് യുനസ്‌കോയുടെ കണക്ക്. കൊല്ലത്തില്‍ എട്ട് പുസ്തകങ്ങളെങ്കിലും വായിക്കുന്നുണ്ട്. ‘പകലന്തി വരെ ജീവിതം തള്ളിനീക്കാന്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് എവിടെ വായിക്കാന്‍ സമയം’ എന്നു ചോദിക്കുന്നവരുണ്ട്. എന്നാല്‍ പരമ ദരിദ്രരായ ജനം താമസിക്കുന്ന മൗറിത്താനയില്‍ അവര്‍ അറിവിലും സംസ്‌കാരത്തിലും പഠനത്തിലും വായനയിലും മുന്‍പന്തിയിലാണ്. എല്ലാവരും വായനക്കാരാണെന്ന് ‘അല്‍’വഅല്‍ ഇസ്‌ലാമി മാസികയിലെ ഒരു ലേഖനം അവകാശപ്പെടുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവത്തെയും പരലോകത്തെയും പറ്റിയുള്ള ചിന്തക്കാണ് പ്രാമുഖ്യം. അഥവാ ഈ അടിസ്ഥാന തത്വത്തില്‍ ഊന്നിയായിരിക്കണം. എല്ലാ ഭൗതിക, ശാസ്ത്ര ചിന്തകളും പഠനങ്ങളും.