ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വമിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂക്കു കയറിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വര്‍ഗീയ പരാമര്‍ശങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ ഉണ്ടാക്കിയില്ലെന്നും നേതാക്കള്‍ പ്രകോപന പ്രസ്താവനകള്‍ നടത്തുന്ന പ്രവണത തുടരുകയാണെന്നും കത്തില്‍ പറയുന്നു.ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാന്‍-ദീപാവലി, ഖബറിസ്ഥാന്‍-ശ്മശാനം പ്രസ്താവനകള്‍ ഏറെ വിവാദമായിരുന്നു. മുസ്്‌ലിം സമുദായത്തിന്റെ ഖബറിസ്ഥാനുകള്‍ക്ക് നല്‍കുന്ന ഭൂമി ഹിന്ദു സമുദായത്തിന്റെ ശ്മശാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നൂം റമസാനില്‍ വിതരണം ചെയ്യുന്നത്ര വൈദ്യുതി ദീപാവലി ദിവസങ്ങളില്‍ നല്‍കുന്നില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത് തെറ്റാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രസ്താവനയെ മുഖ്യമന്ത്രി അഖിലേഷ് യാദവും ചോദ്യം ചെയ്തിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ പ്രസ്താവനകളും വിവാദമായിരുന്നു. മുസ്്‌ലിം സമുദായം ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്പി നേതാവ് മായാവതിയും പ്രസ്താവന നടത്തിയിരുന്നു.എല്ലാ ദേശീയ സംസ്ഥാന പാര്‍ട്ടികളുടെയും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി എന്നിവരെ അഭിസംബേധന ചെയ്തു കൊണ്ടുള്ള കത്ത് 25നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചിട്ടുള്ളത്. മതവിദ്വേഷം വളര്‍ത്തുന്ന നിലയിലുള്ള പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അലോസരപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിക്കുന്ന ഫലമുണ്ടാക്കുന്നില്ല. പലപ്പോഴും വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നത് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സംസ്ഥാനത്താകണം എന്നില്ല. വിദ്വേഷ പ്രസ്താവകള്‍ പ്രാദേശികമായി മാത്രം ഒതുങ്ങി നില്‍ക്കില്ല. വളരെ ദോഷകരമായ ഫലമാണ് വിദ്വേഷ പ്രസ്താവനകളുണ്ടാക്കുന്നത്. അത്തരം പ്രസ്താവനകള്‍ ഒരു സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തെ തന്നെ തകര്‍ക്കും. ഓരോ പൗരന്മാരും രാഷ്ട്രീയ നേതാക്കളും ഇത്തരത്തിലുള്ള പ്രസ്താവനകളില്‍ നിന്നും വാഗ്വാദങ്ങളില്‍ നിന്നും വിട്ട് നില്‍ക്കണം-കമ്മീഷന്‍ ആവശ്യപ്പെട്ടു.