സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) നാളെ പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരളാഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതിയായ മുന്നൊരുക്കത്തോടെയല്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും നിരവധിപേരുടെ തൊഴില്‍ ഇല്ലാതാക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ലോകത്തെ ഏറ്റവും നല്ല തൊഴില്‍നയമുണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ എന്നാല്‍ തൊഴിലാളിയുടെ തൊഴില്‍സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ട നയമാണ് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇടി പറഞ്ഞു.

ഇന്‍സ്‌പെക്ഷന്‍ രാജ്, ലൈസന്‍സ് രാജ് എന്നൊക്കെ പേരിട്ടു വിളിച്ച് തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി കൊണ്ടുവന്ന ക്രമീകരണങ്ങളെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

രാജ്യത്തെ പ്രധാന വിദ്യാഭ്യാസ, സംസ്‌കാരിക സമിതികളെല്ലാം കാവിവല്‍കരിച്ചുവരികയാണ്. യു.ജി.സി, ഫിലിം ഇന്‍സ്റ്റിറ്റിയൂഷന്‍, ചരിത്രഗവേഷണ കൗണ്‍സില്‍, സിബിഎസ്ഇ എന്നിവയെല്ലാം കാവിവല്‍കരിച്ചു. ഇവിടെയെല്ലാം ആ ഖേലയുമായി ബന്ധമില്ലാത്ത ബി.ജെ.പി-ആര്‍.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ്. മുസ്ലിംലീഗും യു.ഡി.എഫ് മുന്നണിയും വികസനത്തിന് എതിരല്ല. ഗെയില്‍ പദ്ധതി നടപ്പാക്കുന്നതിനു മുമ്പായി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് പറയുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാതെ ഒരുസര്‍ക്കാരിനും മുന്നാട്ടുപോവാനാവില്ല. ജനങ്ങളെ മനസ്സിലാക്കാതെയുള്ള വികസനംകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായ ജന്തര്‍മന്ദിറില്‍ സമരങ്ങള്‍ നടത്തുന്നത് ഹരിത കോടതി വിലക്കിയതോടെ രാജ്യതലസ്ഥാനത്ത് ജനങ്ങള്‍ക്ക് അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദി ഇല്ലാതായിരിക്കുകയാണ്. ജന്തര്‍മന്ദിറില്‍ പ്രതിഷേധപരിപാടികള്‍ വിലക്കിയതുസംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. നിലവില്‍ പ്രക്ഷോഭപരിപാടികള്‍ക്കു വേദിയും പൊലിസിന്റെ അനുമതിയും ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ജനങ്ങള്‍ക്ക് പ്രതിഷേധം അറിയിക്കാനും അവരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ മുന്നില്‍കൊണ്ടുവരാനുമുള്ള വേദിയാണ് ഇതോടെ ഇല്ലാതായത്. ഒരുജനാധിപത്യരാജ്യത്ത് ജനങ്ങള്‍ക്ക് പ്രതിഷേധവും അവരുടെ നിലപാടും വ്യക്തമാക്കാന്‍ വേദി ആവശ്യമാണ്. അത് അവരുടെ അവകാശവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ എസ്.ടി.യു പ്രതിഷേധപരിപാടിയില്‍ നാഷനല്‍ ലേബേഴ്സ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷന്‍ പ്രൊഫ. എന്‍.പി സിങ് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിംലീഗിന്റെയും പോഷകസംഘടനകളുടെയും ദേശീയ- സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ പ്രതിപക്ഷതൊഴിലാളി സംഘടനകള്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്തുന്ന മഹാധര്‍ണയിലും എസ്.ടി.യു പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എസ്.ടി.യു ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി (ജാര്‍ഖണ്ഡ്), ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല (കേരളം) എന്നിവരും പങ്കെടുത്തു.