Connect with us

News

കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു; പവന് 160 രൂപ കുറഞ്ഞു

ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി.

Published

on

കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു

കൊച്ചി: ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയിലേക്കാണ് വില താഴ്ന്നത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉയര്‍ച്ചയാണ് കാണുന്നത്. സ്പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,183.85 ഡോളറായി. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം വര്‍ധിച്ച് 5,200 ഡോളറിലേക്കും എത്തി. ഡോളര്‍ ദുര്‍ബലമാകുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലക്ക് പിന്തുണ നല്‍കുന്നത്.

ഈ ആഗോള ഉണര്‍വ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കാനിടയുണ്ടെന്നാണ് വിപണി വിലയിരുത്തല്‍. ഇന്ന് നടക്കുന്ന ഇറാന്‍-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചര്‍ച്ചകളാണ് സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ചര്‍ച്ചകള്‍ സമാധാനപരമായ പരിഹാരത്തിലെത്താതിരുന്നാല്‍ സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടാകാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനൊപ്പം തന്നെ ഫെഡറല്‍ റിസര്‍വ്യുടെ വായ്പനയം സംബന്ധിച്ച പ്രഖ്യാപനങ്ങളും നിര്‍ണായകമാണ്. ഈ വര്‍ഷം 25 ബേസിക് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ചില നിക്ഷേപകരിലുണ്ട്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അനുകൂല സൂചനകള്‍ വന്നാല്‍ സ്വര്‍ണവിലക്ക് അത് കൂടുതല്‍ പിന്തുണ നല്‍കാനിടയുണ്ടെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വൃത്തിഹീനമായ സാഹചര്യത്തില്‍ എണ്ണക്കടി നിര്‍മ്മാണം;കോഴിക്കോട് നാലുകടകള്‍ അടപ്പിച്ചു

ബുധനാഴ്ച പുലര്‍ച്ചെ ഏഴിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് നിര്‍മ്മാണകേന്ദ്രങ്ങള്‍ അടപ്പിച്ചു.

Published

on

By

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികള്‍ നിര്‍മ്മിച്ചുനല്‍കുന്ന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ ഏഴിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് നിര്‍മ്മാണകേന്ദ്രങ്ങള്‍ അടപ്പിച്ചു. ശേഷിച്ച മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.

അര്‍ധരാത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പുലര്‍ച്ചയോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കേന്ദ്രങ്ങളാണ് ഇവയിലേറെയും. ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടങ്ങളില്‍ നിര്‍മിച്ച എണ്ണക്കടികള്‍ നഗരത്തിലെ മറ്റ് കടകളിലേക്ക് വിതരണം ചെയ്തിരുന്നത്. ഫുഡ് ഗ്രേഡ് പാത്രങ്ങള്‍ ഉപയോഗിക്കണമെന്ന നിബന്ധന ലംഘിച്ച് പ്ലാസ്റ്റിക് സഞ്ചികളിലാണ് വിതരണം നടത്തിയിരുന്നത്. പുലര്‍ച്ചെ ഇരുചക്രവാഹനങ്ങളില്‍ ഇത്തരം സഞ്ചികള്‍ തൂക്കിയിട്ടു വിതരണം ചെയ്യുന്ന കാഴ്ചകള്‍ നഗരത്തില്‍ പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യം, മലിനജലം ഉപയോഗിക്കല്‍, പഴകിയ എണ്ണ വീണ്ടും പാകംചെയ്യല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരു സ്ഥാപനത്തില്‍ അടുക്കളയില്‍ ചെളിനിറത്തിലുള്ള വെള്ളം ഉപയോഗിക്കുന്നതായും കണ്ടെത്തി.

പാളയത്തെ അഖില്‍ ട്രേഡേഴ്‌സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്‌സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്‌സ്, കറുത്തപാണ്ടിസ് ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എസ്. വിനോദ് കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Continue Reading

News

ലഹരിയിലെന്ന് കരുതി പൊലീസും സഹായിച്ചില്ല; പക്ഷാഘാതംവന്ന് റോഡിൽ വീണ 56കാരൻ മരിച്ചു, ചികിത്സ നിഷേധിച്ചെന്ന ആരോപണം

റോഡരികില്‍ കിടന്ന ജയകുമാറിനെ പട്രോളിങ്ങിനിടെ കണ്ട പൊലീസ് മദ്യലഹരിയിലാണെന്ന് കരുതി അവഗണിച്ചെന്നാണ് ആരോപണം

Published

on

By

തൊടുപുഴ: പക്ഷാഘാതംവന്ന് റോഡില്‍ കുഴഞ്ഞുവീണ തൊടുപുഴ നടുക്കണ്ടം സ്വദേശിയായ പി.ടി. ജയകുമാര്‍ (56) ചികിത്സ ലഭിക്കാതിരുന്നതിനാല്‍ മരണപ്പെട്ടതായി ബന്ധുക്കളുടെ ആരോപണം. സംഭവം ഈ മാസം 14-ാം തീയതി വൈകിട്ട് തൊടുപുഴ ചുങ്കം ഭാഗത്താണ് ഉണ്ടായത്.

റോഡരികില്‍ കിടന്ന ജയകുമാറിനെ പട്രോളിങ്ങിനിടെ കണ്ട പൊലീസ് മദ്യലഹരിയിലാണെന്ന് കരുതി അവഗണിച്ചെന്നാണ് ആരോപണം. പുലര്‍ച്ചെ രണ്ടുമണിയോടെ വീണ്ടും പട്രോളിങ് നടത്തിയപ്പോഴാണ് അദ്ദേഹം അതേ സ്ഥലത്ത് കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രാവിലെ എട്ടോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ അതുവരെ യാതൊരു ചികിത്സയും നല്‍കിയിരുന്നില്ലെന്നാണ് ആരോപണം. ജയകുമാറിന്റെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും ബന്ധുക്കളെ അറിയിക്കാന്‍ ശ്രമിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് സ്‌കാന്‍ പരിശോധന നടത്തിയത്. സ്‌ട്രോക്ക് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെയും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് പത്താം ദിവസം ജയകുമാര്‍ മരണപ്പെട്ടു.

ഭാര്യ: സുഷമ. സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി.

 

Continue Reading

News

അമ്മയെ മകന്‍ രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പൊലീസ് കസ്റ്റഡിയിലുള്ള ഗിരീഷിനെ വിട്ടയക്കും

Published

on

By

ആലപ്പുഴ: തുറവൂരില്‍ വീട്ടുവളപ്പില്‍ അമ്മയെ രഹസ്യമായി കുഴിച്ചുമൂടിയെന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച രാധയുടെ മരണകാരണം സ്വാഭാവികമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തില്‍ ആന്തരിക രക്തസ്രാവമോ പുറംമുറിവുകളോ കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ രാധയെ മരിച്ച നിലയില്‍ കണ്ട മകന്‍ ഗിരീഷ്, ആരെയും അറിയിക്കാതെ അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. ഈ നടപടിയാണ് നാട്ടുകാരിലും ബന്ധുക്കളിലും സംശയം ഉയരാന്‍ ഇടയായത്. തുടര്‍ന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു.

റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലാത്തതിനാല്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗിരീഷിനെ വിട്ടയക്കുമെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതായും അറിയിച്ചു.

 

Continue Reading

Trending