കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് ആദ്യ തോല്‍വി. സീസണില്‍ തോല്‍വിയറിയാത്തവര്‍ കണ്ടുമുട്ടിയ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 1-0ന് വിജയം സ്വന്തമാക്കി. 78 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ പെനാല്‍ട്ടി ഗോളിലായിരുന്നു ആതിഥേയരുടെ വിജയം. പത്തു പേരുമായി പൊരുതിയായിരുന്നു കൊല്‍ക്കത്തയുടെ വിജയം. സ്വന്തം മൈതാനത്ത് കൊല്‍ക്കത്തയുടെ ആദ്യ ജയം ആണിത്. ഐ.എസ്.എലില്‍ ഇതാദ്യമായാണ് കൊല്‍ക്കത്തയോട് ഡല്‍ഹി തോല്‍ക്കുന്നത്.

74 ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചു സെറീനോ ഫൊണ്‍സേക്ക പുറത്തുപോയിരുന്നു. എന്നാല്‍അവസരം മുതലെടുക്കാന്‍ ഡല്‍ഹിക്കായില്ല. 78ാം മിനിറ്റില്‍ കിം കിമ കൊല്‍ക്കത്തയുടെ സമീഗ് ഡ്യൂറ്റിയെ ഫൗള്‍ ചെയ്തതിനു ലഭിച്ച കിക്ക് ഹ്യൂം വലയിലാക്കി.
ഒന്‍പത് കോര്‍ണറുകളും 11 ഷോട്ടുകളും കയ്യില്‍ വന്ന പെനാല്‍ട്ടിയും തുലച്ച് ഡല്‍ഹി തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു. ആറ് പോയിന്റോടെ ഡല്‍ഹി അഞ്ചാം സ്ഥാനം തുടര്‍ന്നു. ഈ ജയത്തോടെ കൊല്‍ക്കത്ത ഒന്‍പത് പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആറു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി.