ദുബൈ: മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ കെ.എം.സി.സി കാസറകോട് ജില്ല കമ്മിറ്റി. കേരള രാഷ്ട്രീയത്തിനും മുസ്‌ലീം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
എന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പൊതുജീവിതത്തില്‍ സജീവമായിരുന്ന അദ്ദേഹം, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ചും ശ്രദ്ധേയനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആത്മാര്‍ഥതയും അര്‍പ്പണബോധവും നിറഞ്ഞതായിരുന്നു. മന്ത്രിയായിരിക്കെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും സംഘടനാ രംഗത്തെ ശക്തമായ നേതൃത്വവും എന്നും ഓര്‍മിക്കപ്പെടും.
പ്രവര്‍ത്തകരോടുള്ള സ്‌നേഹവും കരുതലും അദ്ദേഹത്തെ വ്യത്യസ്തനാക്കി എന്നും കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.