ഐഎഫ്എഫ്‌കെയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കേന്ദ്രം കൂടുതല്‍ സിനിമകള്‍ക്ക് അനുമതി നല്‍കി. ഇന്നലെ രാത്രിയോടെ ഒമ്പത് സിനിമകള്‍ക്കും ഇന്ന് മൂന്ന് സിനിമകള്‍ക്കും അനുമതി ലഭിച്ചു. ഫലസ്തീന്‍ 36 ഉള്‍പ്പടെ മൊത്തം 12 ചിത്രങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. മൊത്തം 19 സിനിമകള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ അനുമതി ലഭിച്ച സിനിമകള്‍ക്ക് പുറമെ ഏഴ് സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്.
അതേസമയം, നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയമായ ലക്ഷ്യങ്ങളായി തെറ്റായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതില്‍ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സിനിമ പ്രവര്‍ത്തകയായിട്ടുള്ള ദീപിക സുശീലന്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമക്കായി കൃത്യ സമയത്ത് അനുമതിക്കായി സമര്‍പ്പിച്ചില്ല എന്നാണ് ദീപിക സുശീലന്‍ ഉന്നയിക്കുന്ന വിമര്‍ശനം. എന്നാല്‍ മുന്‍പും ഡോക്യുമെന്ററികള്‍ വിലക്കുന്ന പതിവ് സര്‍ക്കാരിന് ഉണ്ടായിരുന്നതായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.