നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്ങില്‍ ആധിപത്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ 242 റണ്‍സില്‍ പിടിച്ചുകെട്ടി. കഴിഞ്ഞ രണ്ടു ഏകദിനങ്ങളില്‍ 300 കടന്ന കംഗാരു ബാറ്റിങ് നിരയെ, 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് പിഴുതാണ് ഇന്ത്യ വിജയലക്ഷ്യം 243 റണ്‍സാക്കി ചുരുക്കിയത്‌.


ഓസ്‌ട്രേലിയയ്ക്കായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ഫിഞ്ച് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (66) കൂട്ടിച്ചേര്‍ത്ത ശേഷം ഓസീസിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ക്യാപ്റ്റന്‍ സ്മിത്തിനും ഹാന്‍ഡ്‌സ്‌കോമ്പിനും കാര്യമായ സംഭവന നല്‍കാനായില്ല. നാലിന് 118 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങിയ ഓസീസിനെ, പിന്നീട് അഞ്ചാം വിക്കറ്റില്‍ സ്റ്റോയിന്‍സും ഹെഡും ചേര്‍ന്ന് നേടിയ 87ഉം റണ്‍സാണ് കരകയറ്റിയത്. 50 ഓവര്‍ പൂര്‍ത്തിയാവെ മുന്നൂറ് റണ്‍സ് കടക്കാനാവാതെ കംഗാരുക്കള്‍ തുടരെ വിക്കറ്റുകള്‍ കളയുകയായിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരുത്തിയ ജസ്പ്രീത് ബുംറയും ഭുവേശ്വര്‍ കുമാറും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ബൗളിങിനെ ശക്തമാക്കുന്നതായിരുന്നു ഇവരുടെ മടക്കം. ഉമേഷ് യാദവിനും മുഹമ്മദ് ഷാമിക്കും പകരമായാണ് ഇവര്‍ തിരിച്ചത്തിയത്. അസുഖബാധിതനയാ യുസ്വേന്ദ്ര ചാഹലിനു പകരം കുല്‍ദീപ് യാദവ് എത്തിയതാണ് മറ്റൊരു മാറ്റം. അതേസമയം, ഓസീസ് നിരയില്‍ കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച റിച്ചാര്‍ഡ്‌സന്‍ അസുഖം കാരണം കളിച്ചില്ല. പകരം ജയിംസ് ഫോക്‌നര്‍ ഓസീസ് നിരയില്‍ എത്തിയത്.