സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. ഡല്‍ഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളില്‍ ഇരു കക്ഷികളും ഒപ്പുവച്ചത്. കാറുകള്‍ അടക്കം യൂറോപ്പില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും കരാര്‍ അനുസരിച്ച് വില കുത്തനെ കുറയും. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു. യൂറോപ്യന്‍ ഉപകരണങ്ങള്‍ക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം.
പാസ്ത, ചോക്ലേറ്റ് എന്നിവയുള്‍പ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.യൂറോപ്യല്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം.
ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കുന്നുവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. വ്യാപാരം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കരാര്‍ സഹായിക്കും.