X

മഹാരാഷ്ട്രയില്‍ തകര്‍ന്ന റെയില്‍വേ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാന്‍ ശ്രമം

മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് റെയില്‍വെ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം വിവാദത്തില്‍. അടുത്തിടെ തകര്‍ന്നു വീണ എല്‍ഫിന്‍സ്റ്റന്‍ റെയില്‍വേ നടപ്പാലം ഉള്‍പ്പെടെയുള്ള പ്രദേശിക പാലങ്ങളുടെ പ്രവര്‍ത്തികളാണ് സൈന്യത്തെ ഏല്‍പ്പിച്ചത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ സൈന്യത്തെ നിര്‍മാണം ഏല്‍പ്പിച്ചതിനെതിരെയാണ് വിമര്‍ശനം. ഇത്തരം ആവശ്യങ്ങള്‍ക്ക് സൈനികരെ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ സൈനികന്‍ കൂടിയായ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും രംഗത്തെത്തി. രാജ്യം കാക്കുന്നതിനും യുദ്ധം ചെയ്യുന്നതിനുമാണ് സൈനികരെ ഉപയോഗിക്കേണ്ടതെന്നും പാലം നിര്‍മാണം പോലുള്ള ജോലികള്‍ക്ക് സൈനികരെ നിയോഗിക്കുന്നത് ശരിയല്ലെന്നും അമരീന്ദര്‍ സിങ് തുറന്നടിച്ചു. സൈനികരെ ഇത്തരം സിവിലിയന്‍ ജോലികള്‍ക്ക് നിയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അമരീന്ദര്‍ സിങ് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. പാലം നിര്‍മിക്കുന്നതു പോലുള്ള ജോലികള്‍ക്ക് അതീവ അടിയന്തര ഘട്ടങ്ങളില്‍ മാത്രം സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതാണ് ഉചിതമെന്ന് ഒമര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രീതിവച്ച് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ ‘സ്പീഡ് ഡയലി’ലെ ആദ്യത്തെ നമ്പരാണ് സൈന്യത്തിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംഭത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

23 പേരുടെ മരണത്തിന് ഇടയാക്കി മുംബൈ എല്‍ഫിന്‍സ്റ്റന്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ തകര്‍ന്നുവീണ റെയില്‍വേ നടപ്പാലം സൈന്യം പുനര്‍നിര്‍മിക്കുമെന്നു മഹാരാഷ്ട്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് അറിയിച്ചത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ പാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചു മടങ്ങിയശേഷമായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം. എല്‍ഫിന്‍സ്റ്റന്‍ റോഡ് സ്റ്റേഷനു പുറമെ മുംബൈയിലെ മറ്റു രണ്ടു പ്രാദേശിക സ്റ്റേഷനുകളിലെ നടപ്പാല നിര്‍മാണത്തിലും സൈന്യം സഹകരിക്കുമെന്നായിരുന്നു അറിയിപ്പ്. 2018 ജനുവരി 18ന് മുന്‍പ് എല്ലാ നിര്‍മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു. നടപ്പാത നിര്‍മാണത്തിന് തയ്യാറായ പട്ടാളത്തിനും പ്രതിരോധ മന്ത്രി ക്കും നന്ദി അറിയിച്ചുകൊണ്ട് പീയുഷ് ഗോയലും ട്വീറ്റ് ചെയ്തിരുന്നു.

chandrika: