ന്യൂഡല്‍ഹി: രാജ്യത്ത് പശുക്കള്‍ക്കും ആധാര്‍കാര്‍ഡിന് സമാനമായുള്ള തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. രാജ്യത്തുള്ള 88മില്യണ്‍ വരുന്ന പശുക്കള്‍ക്കും പോത്തുകള്‍ക്കും 12അക്ക നമ്പര്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ പശുക്കളുടേയും പോത്തുകളുടേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ ബേസില്‍ സൂക്ഷിക്കും.

കാലികളുടെ ചെവിയിലാണ് നമ്പര്‍ പതിക്കുക. ഇതിനായി പ്രത്യേകം ആളുകളെയും നിയമിച്ചിട്ടുണ്ട്. ഒരു കാലിയുടെ ചെവിയില്‍ നമ്പര്‍ പതിക്കുന്നതിന് എട്ട് രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിനകം 148 കോടി സര്‍ക്കാര്‍ അനുവദിച്ചു. നമ്പര്‍ പതിക്കുന്നതോടെ കാലിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കും. ഒപ്പം ഉടമക്ക്  ഹെല്‍ത്ത് കാര്‍ഡും നല്‍കും.

ഈ കാര്‍ഡില്‍ കുത്തിവെപ്പ്, കന്നുകാലി വളര്‍ത്തല്‍, വിരയിളക്കല്‍, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തും. പരിപാലനം ആവശ്യമുള്ള സന്ദര്‍ഭങ്ങള്‍ ഉടമയെ അറിയിക്കും.
2022ഓടെ ക്ഷീരരംഗത്ത് കാര്യമായ വളര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.