News

റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി

By Manya

January 26, 2026

മസ്‌കറ്റ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് താവിഷി ബഹാല്‍ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

എംബസി പരിസരത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്തിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ചടങ്ങില്‍ വായിച്ചു. രാജ്യത്തിന്റെ പുരോഗതി, ജനാധിപത്യ മൂല്യങ്ങള്‍, സമഗ്ര വികസനം, ഭാവിയിലേക്കുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ എന്നിവയാണ് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പ്രധാനമായി ഉന്നയിച്ചത്.

ഒമാനിലെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പോര്‍ബന്തര്‍-മസ്‌കത്ത് കന്നിയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നാവികസേനയുടെ പായ്ക്കപ്പല്‍ ഐ.എന്‍.എസ്.വി. കൗണ്ടിന്യയുടെ കമാന്‍ഡര്‍ വൈ. ഹേമന്തും കമാന്‍ഡര്‍ വികാസ് ഷിയോരനും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു.