ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുള്ള സുനാമിയില്‍ തകര്‍ന്ന തീരപ്രദശങ്ങളില്‍ തെരച്ചില്‍ തുടരുന്നിനിടെ മരണം 281 ആയി ഉയര്‍ന്നു. 1.016 പരിക്കേറ്റുണ്ട്. അനേകം പേരെ കാണാതായ സാഹചര്യം മരണം കൂടാനാണ് സാധ്യത. ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍ ജാവ, തെക്കന്‍ സുമാത്ര ദ്വീപുകളുടെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെയാണ് സുനാമി തിരമാലകള്‍ ഇരച്ചുകയറിയത്. അനക് ക്രാക്കത്തൂവ അഗ്നിപര്‍വ്വത ദ്വീപില്‍ പൊട്ടിത്തെറിയും ലാവ പ്രവാഹവും തുടരുന്ന സാഹചര്യത്തില്‍ വീണ്ടും സുനാമിക്ക് സാധ്യതയുള്ളതായി ഇന്തോനേഷ്യന്‍ ദുരന്ത നിവാരരണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സുന്‍ഡ കടലിടുക്കിന്റെ തീരപ്രദേശത്തുള്ള ബീച്ചുകളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാത വന്ന സുനാമിക്ക് കാരണം അഗ്നിപര്‍വ്വത സ്‌ഫോടനവും അനക് ക്രാക്കതൂവ ദ്വീപിന് സമീപം കടലിന് അടിയിലുണ്ടായ മണ്ണിടിച്ചിലുമാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രാക്കത്തൂവ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നാണ് അനക് ക്രാക്കത്തൂവ ദ്വീപം രൂപംകൊണ്ടത്.

രാത്രി 9.30നുണ്ടായ സുനാമിയില്‍ തകര്‍ന്ന വീടുകളുടെയും ഹോട്ടലുകളുടെയും മറ്റു കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒരു ഹോട്ടലില്‍നിന്ന് രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ദുരന്ത ബാധിത മേഖലയിലേക്ക് കൂടുതല്‍ ഡോക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പ്രാദേശിക വിനോദ സഞ്ചാരികളും ക്രിസ്മസിന് മുമ്പ് ബീച്ചുകളിലെത്തിയ വിദേശികളുമാണ് സുനാമിയില്‍ ഏറെയും പെട്ടത്. ഒമ്പത് ഹോട്ടലുകളും നൂറുകണക്കിന് വീടുകളും പൂര്‍ണമായും തകര്‍ന്നു. സുനാമിയില്‍ കുടുങ്ങിയ സെവന്റീന്‍ മ്യൂസിക് ബാന്‍ഡിലെ അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. അടുത്തിടെ ഇന്തോനേഷ്യയിലെ പാലുവിലും സുലവേസിയിലുമുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ആയിരത്തിലേറെ പേര്‍ മരിച്ചിരുന്നു. 2004 ഡിസംബര്‍ 26ല്‍ രണ്ടര ലക്ഷത്തോളം പേര്‍ മരിച്ച സുനാമിയും ഏറെ നാശം വിതച്ചതാണ് ഇന്തോനേഷ്യയിലാണ്.