ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാളുകളില്‍ ഇന്ധനവില വര്‍ധിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ വെള്ളപൂശിക്കൊണ്ടായിരുന്നു ഐ.ഒ.സി ചെയര്‍മാന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള നിര്‍ദേശമായിരുന്നില്ല തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില ഉയരാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിലിന്റെ വില താഴുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നതാണ് അത്തരത്തില്‍ വില പിടിച്ച് നിര്‍ത്താന്‍ ഇന്ധന കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് സഞ്ജീവ് സിങ് ഉയര്‍ത്തുന്ന വാദം.

ഇന്ധന വില സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് അധികാരം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഒരു വിധത്തിലുമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് സിങ് പറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില കുത്തനെ കൂടിയതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ വില വര്‍ധന.

ഇറാനു അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ ക്രൂഡ് ഓയില്‍ വിപണിയെ സ്വാധീനിക്കുന്നത്. ഇതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായി സിങ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടടുത്ത ദിവസം തന്നെ ഇന്ധന വില ഉയരാന്‍ ആരംഭിച്ചത് രാജ്യവ്യാപകമായി ചര്‍ച്ചയായിട്ടുണ്ട്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു ഫലം തങ്ങള്‍ക്കനുകൂലമാക്കുന്നതിന് ബി.ജെ.പി നടത്തിയ നീക്കമാണ് ഇന്ധന വില ആ ദിവസങ്ങളില്‍ വര്‍ധിക്കാതിരുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.