തൃശൂര്‍: നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ഒന്നാം പ്രതി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍,വിപിന്‍ പിആര്‍.ഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. വടക്കാഞ്ചേരി കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ധനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്. പ്രതികളായ അധ്യാപകര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേലിനെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, നെഹ്റു കോളേജിനു മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയെന്നതാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്.