ഹൃത്വിക് റോഷന്‍ തന്നോട് പരസ്യമായി മാപ്പുപറയണമെന്ന് ബോളിവുഡ് താരം കങ്കണ റാണൗട്ട്. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ കങ്കണയുടെ പരാമര്‍ശം. രജത് ശര്‍മ്മയുടെ ആപ്പ് കി അതാലത്ത് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കങ്കണ ഹൃത്വികിനെതിരെ വീണ്ടും രംഗത്തെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഏകദേശം കെട്ടടങ്ങിയ സാഹചര്യമായിരുന്നു. എന്നാല്‍ കങ്കണയുടെ മാപ്പുപറയണമെന്ന ആവശ്യത്തോടെ അത് വീണ്ടും വിവാദമാവുകയാണ്. ഹൃത്വിക് തന്നോട് പരസ്യമായി മാപ്പുപറയണമെന്ന് കങ്കണ ആവശ്യപ്പെട്ടു. തന്റെ ഇ-മെയില്‍ സന്ദേശങ്ങള്‍ ഇന്നും ഇന്റര്‍നെറ്റിലൂടെ വൈറലാവുകയാണ്. ഗോസിപ്പ് മാഗസിനുകളെപ്പോലെ ആളുകള്‍ അത് വായിക്കുകയാണെന്നും അന്ന് അനുഭവിച്ച മാനസികാവസ്ഥക്ക് ഹൃത്വിക് തന്നോട് പരസ്യമായി മാപ്പുപറയണമെന്നും നടി ആവശ്യപ്പെടുന്നു. അടുത്ത ദിവസം ചാനലില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ പ്രൊമോ വീഡിയോയിലാണ് നടിയുടെ പ്രതികരണം. ഇന്ത്യാ ടിവിയാണ് ആപ്പ് കി അതാലത്ത് സംപ്രേഷണം ചെയ്യുന്നത്. താനുമായി ബന്ധമുണ്ടായിരുന്നുവെന്ന കങ്കണയുടെ വാദത്തെ ഹൃഥ്വിക് എതിര്‍ക്കുകയും നടിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കങ്കണയും കോടതിയെ സമീപിച്ചിരുന്നു.