ബംഗളൂരു: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സ്‌റ്റേ നല്‍കില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
ടിപ്പു ജയന്തി ആഘോഷിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യമെന്തെന്നും ആഘോഷങ്ങള്‍ക്കുവേണ്ടിവരുന്ന ചിലവിനെ കുറിച്ചും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ടിപ്പു ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ആക്ടിങ് ചീഫ്ജസ്റ്റിസ് എച്ച് ജി രമേഷ്, ജസ്റ്റിസ് പി എസ് ദിനേശ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ മത സൗഹാര്‍ദ്ദം തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കുടക് സ്വദേശിയായ മഞ്ജുനാഥാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2015ല്‍ നടന്ന ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കിടെ നിരവധി വര്‍ഗ്ഗീയ കലാപങ്ങളുണ്ടായതായും മഞ്ജുനാഥ് പറഞ്ഞു.