News
അതിരപ്പിള്ളിയില്‍ കാട്ടാന ഭീതി; ക്ഷേത്രവും തൊഴിലാളി ലയങ്ങളും തകര്‍ത്തു
തുടര്‍ച്ചയായ കാട്ടാന ശല്യം കാരണം പ്രദേശത്തെ ഏകദേശം 60ഓളം കുടുംബങ്ങള്‍ ഇതിനോടകം തന്നെ വീടുകള്‍ വിട്ടൊഴിഞ്ഞിട്ടുണ്ട്.
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ക്ഷേത്രവും സമീപത്തെ തൊഴിലാളി ലയങ്ങളും വ്യാപകമായി തകര്‍ന്നു. അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിനും തൊട്ടടുത്തുള്ള ലയങ്ങള്ക്കുമാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ലയങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകളുണ്ട്. തുടര്‍ച്ചയായ കാട്ടാന ശല്യം കാരണം പ്രദേശത്തെ ഏകദേശം 60ഓളം കുടുംബങ്ങള്‍ ഇതിനോടകം തന്നെ വീടുകള്‍ വിട്ടൊഴിഞ്ഞിട്ടുണ്ട്.
ആനപ്പേടിയെ തുടര്‍ന്ന് ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ വെറ്റിലപ്പാറ ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണ്. രാത്രി സമയങ്ങളില്‍ ഈ മേഖലയില്‍ യാത്ര ചെയ്യുന്നത് അതീവ അപകടകരമാണെന്നും ഏതുനിമിഷവും കാട്ടാനകള്‍ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സ്ഥിരമായ റാപിഡ് റെസ്പോണ്‍സ് ടീം (RRT) സംവിധാനം ഏര്‍പ്പെടുത്തണമെന്നും, വൈദ്യുത വേലികള്‍ ഉള്‍പ്പെടെയുള്ള വന്യജീവി നിയന്ത്രണ സുരക്ഷാ മാര്‍ഗങ്ങള്‍ അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
News
ശബരിമല സ്വർണക്കടത്ത്; ബാക്കിസ്വർണവും തട്ടാൻ പദ്ധതിയിട്ടു,ബെംഗളൂരുവിൽ പ്രതികളുടെ ഗൂഢാലോചന
ശബരിമല സ്വർണക്കടത്ത് കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം.
കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ശ്രീകോവിലിൽ അവശേഷിച്ച ബാക്കിയുള്ള സ്വർണംകൂടി കവർന്നെടുക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
കേസ് ഹൈക്കോടതി പരിഗണനയിലെത്തിയ ഘട്ടത്തിൽ പ്രതികളായ മൂന്ന് പേർ ബെംഗളൂരുവിൽ വെച്ച് രഹസ്യയോഗം ചേർന്നു ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ഉൾപ്പെട്ടാൽ തുടർനടപടികൾ എങ്ങനെ നേരിടണമെന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് കണ്ടെത്തൽ.
ദ്വാരപാലക ശില്പങ്ങളിലെയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലെയും ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ ഘടകങ്ങളിൽ നിന്നുമാണ് സ്വർണം കവർന്നെടുക്കാൻ ഗൂഢാലോചന നടന്നത്. കട്ടിളപ്പാളിയിൽ നിന്ന് 409 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് ശങ്കർ എന്ന വിദഗ്ധൻ വേർതിരിച്ചെടുത്തതായും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പിന്നാലെ സ്വർണം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ കൈകളിലെത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിൽ 15 പ്രതികളും, കട്ടിളപ്പാളിയിൽ നിന്നുള്ള സ്വർണക്കടത്ത് കേസിൽ 12 പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി.
kerala
മുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.
കൊച്ചി:മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക ഡയറക്ടറുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.
2012 കേരള രത്ന പുരസ്കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.
kerala
ബംഗ്ലാദേശിലെ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണം -മുസ്ലീം ലീഗ്
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്.
ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശില്‍ ആക്രമണങ്ങള്‍ക്ക് ഇരകളാവുകയാണെന്ന് നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇടക്കാല സര്‍ക്കാറിന്റെ കാലയളവില്‍ മാത്രം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏതൊരു ഭരണകൂടത്തിനും ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഏതൊരു രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നുയെന്ന് പ്രമേയം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഏതൊരു മതം വിശ്വസിക്കാനും ആചരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ആരാധനകളുടെ ഭാഗമായ ആഘോഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഈ അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ പ്രത്യേകമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
GULF18 hours agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala18 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
