തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതി വേണ്ടത്ര ഫലം കണ്ടില്ലെന്ന് മനസ്സിലാക്കിയ തോമസ് ഐസക് കേന്ദ്രത്തിന് നേരെ ആരോപണമുന്നയിച്ച് തടിയൂരാൻ ശ്രമം. കിഫ്ബിയെ തകർക്കാനാണ് കംപ്‌ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം. കിഫ്ബിയിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം ഇതേ ആരോപണമായിരുന്നു തോമസ് ഐസകിന് പറയാനുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള നീക്കം നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പ് വർഷം തന്നെ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി.

കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങളുടെ ഭാഗമാണ് 2019-20 ലെ ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ടെന്ന് ഐസക് ബജറ്റ് പ്രസംഗത്തിലും ആവർത്തിക്കുന്നു. സംസ്ഥാനസർക്കാരിന് വിശദീകരണത്തിന് അവസരം നിഷേധിക്കുകയും ചെയ്തു. ഇത് രാജ്യത്തെ ഓഡിറ്റ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണന്നും ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ വായ്പകൾക്ക് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ പതിനഞ്ചാം ധനകാര്യകമ്മീഷൻ ശ്രമിക്കുമോ എന്ന ആശങ്കയും പ്രബലമാണെന്നും ഐസക് പറയുന്നു. ഇതെല്ലാം കിഫ്ബി പദ്ധതിയുടെ പോരായ്മകളാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയതെന്നും ശ്രദ്ധേയമാണ്. പദ്ധതിയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ മുൻകൂറായി ഇക്കാര്യം പറയുകയും കൂടിയാണ് മന്ത്രി ചെയ്തത്.

കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഇതെല്ലാം നമ്മുടെ ധനസ്ഥിതിക്ക് മേൽ ഡെമോക്ലിസിൻറെ വാൾ പോലെ തൂങ്ങി നിൽക്കുകയാണ്. പ്രതിസന്ധികാലത്ത് ഇത്തരത്തിൽ കർക്കശമായ നിയമങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങൾക്ക് പ്രതിസന്ധിയാവുകയാണെന്നും തോമസ് ഐസക് തുടർന്നു.