തിരുവനന്തപുരം: ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസമായി റവന്യൂവകുപ്പിന്റെ ഉത്തരവ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ കെട്ടിട നികുതി അടക്കുന്നത് തറവിസ്തീര്‍ണമനുസരിച്ച് മതിയെന്നാണ് നിര്‍ദേശം. ഫ്‌ളാറ്റുകളിലെയും കെട്ടിട സമുച്ചയങ്ങളിലെയും കെട്ടിടനികുതി നിര്‍ണയിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതി വിധിക്ക് അനുസൃതമായാണ് പുതിയ ഉത്തരവിറക്കിയത്.
ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമ വ്യക്തികള്‍ക്ക് ഫ്‌ളാറ്റുകള്‍ വിറ്റുകഴിഞ്ഞാല്‍ വാങ്ങുന്നവര്‍ ഉടമകളായി മാറുകയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ ഫ്‌ളാറ്റ് ഉടമയായിരുന്ന വ്യക്തിയില്‍ നിന്ന് നികുതി പിരിക്കാന്‍ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് ഒരു കെട്ടിട സമുച്ചയത്തില്‍ നിരവധി താമസക്കാരുണ്ടെങ്കില്‍ ഓരോരുത്തരെയും പ്രത്യേകം താമസക്കാരായി കണക്കാക്കി നികുതി നിര്‍ണയിക്കാം. ഇങ്ങനെ വരുമ്പോള്‍ ഇവര്‍ സാധാരണഗതിയിലുള്ള കെട്ടിട നികുതി കൊടുക്കണമെന്നതല്ലാതെ ആഢംബര നികുതി നല്‍കേണ്ടിവരില്ല. നിലവില്‍ സമുച്ചയത്തിലെ ഫ്‌ളാറ്റുകളുടെ മൊത്തം തറവിസ്തീര്‍ണം കണക്കാക്കിയാണ് നികുതി നിര്‍ണയിക്കുന്നത്.
250 ചതുരശ്ര മീറ്ററില്‍ കൂടിയാല്‍ കൂടുന്ന ഓരോ 10 ചതുരശ്ര മീറ്ററിനും 1500 രൂപ വീതം നല്‍കേണ്ടിയിരുന്നു. ഇതോടെ സ്വന്തം ഫ്‌ളാറ്റിന്റെ വലിപ്പം 200 ചതുരശ്ര മീറ്റര്‍ മാത്രമേ ഉള്ളുവെങ്കിലും വലിയ തുക കെട്ടിട നികുതിയായി നല്‍കേണ്ടിവരുമായിരുന്നു. 20 ഫ്‌ളാറ്റുകളുള്ളതോ 25 ഉള്ളതോ ആയ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നവര്‍ എല്ലാവരും ചേര്‍ന്ന് മൊത്തം തുക വീതിച്ചെടുത്താലും ഓരോരുത്തരും 25,000 രൂപയും 30,000 രൂപയുമൊക്കെ പ്രതിവര്‍ഷം അടക്കേണ്ടിവരുമായിരുന്നു. ഈ ബു്ദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ ഉത്തരവിറക്കിയത്.
ഓരോ ഫ്‌ളാറ്റും പ്രത്യേകം കണക്കാക്കി കെട്ടിട നികുതി നിര്‍ണയിക്കണമെന്ന് റവന്യൂവകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. അതേസമയം, സ്റ്റെയര്‍ കേസ്, ജനറേറ്റര്‍ റൂം, വരാന്ത, ലിഫ്റ്റ് ഏരിയ, സെക്യൂരിറ്റി ഏരിയ തുടങ്ങിയ പൊതുവായി ഉപയോഗിക്കുന്ന കെട്ടിടഭാഗങ്ങളുടെ വിസ്തീര്‍ണം കണക്കാക്കി അതിന്റെ നിശ്ചിത അനുപാതം ഫ്‌ളാറ്റിനോട് ചേര്‍ത്ത് നികുതി ഈടാക്കണം. നേരത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമ ആഢംബര നികുതി അടച്ചശേഷം ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍ അത് വീതിച്ചു നല്‍കുകയായിരുന്നു. ഫ്‌ളാറ്റുകളിലെ ആഢംബര നികുതി സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിനിടെ, ഫ്‌ളാറ്റ് ഉടമകളില്‍ നിന്ന് വാങ്ങിയ പണം ഉപയോഗിച്ചാണ് ഫ്‌ളാറ്റ് സമുച്ചയ ഉടമ കെട്ടിട സമുച്ചയം ഉണ്ടാക്കിയതെന്ന് കാണിച്ചാല്‍ ഓരോ ഫ്‌ളാറ്റിനും തറ വിസ്തീര്‍ണത്തിനനുസരിച്ച് നികുതി നല്‍കിയാല്‍ മതിയെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ, ഇതുസംബന്ധിച്ച എല്ലാ ബാങ്കിടപാടുകളും കരാറുകളും വ്യക്തമാക്കണമെന്ന നിബന്ധന കാരണം ഇത് അപ്രായോഗികമായി മാറി.