കോഴിക്കോട്: ഐലീഗ് ആവേശത്തില്‍ കോര്‍പറേഷന്‍ സ്റ്റേഡിയം. ഗോകുലം കേരള എഫ്.സി-ചെന്നൈ സിറ്റി എഫ്.സി മത്സരം വീക്ഷിക്കാന്‍ അവധി ദിനമായ ഇന്നലെ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ജില്ലക്ക് പുറമെ അയല്‍ജില്ലയില്‍ നിന്നും കായികപ്രേമികള്‍ എത്തിയതോടെ നഗരം വൈകീട്ട് മുതല്‍ ഫുട്‌ബോള്‍ ലഹരിയിലേക്ക് നീങ്ങി. മത്സരത്തില്‍ ഗോകുലം പൊരുതി വീണെങ്കിലും മലയാളിതാരങ്ങള്‍ ആരാധകരുടെ പ്രതീക്ഷക്കൊത്തുയര്‍ന്നു.

അടുത്ത മത്സരത്തില്‍ ജയത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഫുട്‌ബോള്‍ പ്രേമികള്‍ പങ്ക് വെച്ചു. കഴിഞ്ഞ ഐലീഗ് സീസണിലേക്കാള്‍ നിരവധി പേരാണ് ഇത്തവണ എത്തിയത്. വൈകിട്ട് അഞ്ചിനാണ് കളി ആരംഭിച്ചതെങ്കിലും കിക്കോഫിന് മുമ്പെ തന്നെ കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍ ഗാലറിയില്‍ സീറ്റുറപ്പിച്ചിരുന്നു. ഗ്രൗണ്ടിന് സമീപത്തെ ഫുട്‌ബോള്‍ അസോസിയേഷന്റെ ടിക്കറ്റ് കൗണ്ടറില്‍ രാവിലെ മുതല്‍ നീണ്ട നിര തന്നെയായിരുന്നു.

ഗോള്‍ മുഖത്തേക്ക് പന്തുമായി നീങ്ങുമ്പോള്‍ ആവേശത്തോടെ നാസിക്‌ഡോളിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് കാണികള്‍ ആവേശം കൊണ്ടത്.
ഇഷ്ട കളിക്കാരന്റെ പേര് വിളിച്ചും മൊബൈലില്‍ ഫ്‌ളാഷ് ലൈറ്റ് മിന്നിച്ചും കളിക്കാര്‍ക്ക് സപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോടന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ശ്രമിച്ചു. ആദ്യ റൗണ്ട് പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ തന്നെ കൂടുതല്‍കാണികള്‍ എത്തിയത് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു. ആദ്യ ഹോംമാച്ചിന് ഇരുപതിനായിരത്തിലധികം പേരാണ് സ്റ്റേഡിയത്തില്‍ കളികണ്ടത്. കഴിഞ്ഞവര്‍ഷം നട്ടുച്ചക്ക് മത്സരം നടത്തിയതിനാല്‍ കാണികള്‍ കുറവായിരുന്നു.