തിരുവനന്തപുരം: ഹജ്ജിന് സബ്‌സിഡി നല്‍കുന്നത് വേണ്ടെന്ന അഭിപ്രായവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ഹജ്ജിന് സബ്‌സിഡി നല്‍കുന്നത് വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ജലീല്‍ പറഞ്ഞു.

ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റൊരാളുടെ ചിലവില്‍ ഹജ്ജിന് പോകണോ എന്ന് ഹാജിമാര്‍ ചിന്തിക്കണം. ഹജ്ജ് തീര്‍ത്ഥാടനത്തിന് കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണം. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ്. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം പുറത്തുവന്നിട്ടുള്ളത്.

ഹജ്ജ് സബിസിഡി പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി ആറംഗ കമ്മിറ്റിയേയും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.