തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സുരേഷ് ഗോപി എം.പിയേയും അവഹേളിച്ചതായി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. കമല്‍ സംസാരിക്കുന്നതിന്റെ വീഡിയോ സഹിതമാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എ.എന്‍ രാധാകൃഷ്ണനാണ് കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന പ്രസ്താവന നടത്തിയത്.

എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സംഭവം വിവാദമായിരുന്നു. പിന്നാലെ ബി.ജെ.പിയില്‍ നിന്ന് തന്നെ ഇതിനെതിരെ എതിര്‍ശബ്ദങ്ങളുയര്‍ന്നു. രാധാകൃഷ്ണന്റേത് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം. അതിനിടെയാണ് കുമ്മനവും കമലിനെതിരെ രംഗത്ത് എത്തുന്നത്.