കുവൈത്ത് സിറ്റി: വിസാ കാലാവധി അവസാനിച്ച വിദേശികളുടെ താമസ രേഖ മൂന്നു മാസത്തേക്കു കൂടി നീട്ടി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്കാണ് നീട്ടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി എക്‌സ്റ്റന്‍ഷന്‍ ഓട്ടോമാറ്റികായി നടപ്പാകും. താമസ കാര്യ വകുപ്പില്‍ തിരക്ക് ഒഴിവാക്കാനാണ് നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്.

ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ താമസ രേഖ നീട്ടി നല്‍കുന്നത്. എക്‌സറ്റന്‍ഷന്‍ ലഭിക്കുന്ന വിസകള്‍ പിന്നീട് താമസരേഖയാക്കി മാറ്റാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 60 വയസു കഴിഞ്ഞവര്‍ക്കും അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കാനാവില്ല. സര്‍ക്കാര്‍ ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനും നിരോധനം കൊണ്ടുവന്നിട്ടുണ്ട്.