kerala

‘ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്’: ജെഎസ് അടൂര്‍

By webdesk14

December 29, 2025

കൊച്ചി: രാജ്യസഭാ എംപി എഎ റഹീം കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ഭാഷയല്ല, ഗൃഹപാഠത്തിന്റെ കുറവാണ് പ്രശ്‌നമെന്ന് കോണ്‍ഗ്രസ് പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍. ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോള്‍ വായില്‍ വന്നത് അറിയാത്ത ഭാഷയില്‍ യാതൊരു സ്പഷ്ടതയുമില്ലാതെ പറയാന്‍ ശ്രമിക്കുന്നതാണ് ഇംഗ്ലീഷ് ഭാഷയേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നമെന്നും ജെ എസ് അടൂര്‍ പറയുന്നു.

ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവര്‍ കുറവാണ്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കില്ല. എഎ റഹീമിന്റെ വിഷയത്തില്‍ പ്രശ്‌നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്. പറഞ്ഞയാള്‍ക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്‌നം. രാഷ്ട്രീയം എന്നാല്‍ വായില്‍ വന്നത് വിളിച്ചു പറയുന്ന ഏര്‍പ്പാട് ആകരുത്. വോട്ട് ചെയ്യുന്നവര്‍ക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവരക്കാള്‍ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയണം എന്നും ജെ എസ് അടൂര്‍ പറയുന്നു.

പഴയ കാലത്തു’ ഇടതു പക്ഷം’ അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ്കാര്‍ പൊതുവെ നന്നായി വായിക്കുന്നവര്‍ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എസ്എഫ്‌ഐ / ഡിഫി/ നേതാക്കള്‍ കൂടുതല്‍ വായിക്കാത്തവരാണ് എന്നതിന് തെളിവുകള്‍ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയുന്നവര്‍ ‘ വാഴക്കുല’ തീസിസ് എഴുതില്ല. കോപ്പി കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മടിയില്ല. പ്രശ്‌നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന ചല്‍താ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്. അതു പട്ടെലര്‍ തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.