ഭോപ്പാല്‍: മധ്യപ്രദേശിലെ സത്ന ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു രക്തം സ്വീകരിച്ച ആറ് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. തലാസീമിയ എന്ന ജനിതക രക്തരോഗം ബാധിച്ച ഇവര്‍ക്ക് ചികിത്സയുടെ ഭാഗമായി ഇടയ്ക്കിടെ രക്തം നല്‍കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് നാല് മാസം മുന്‍പ് ഇവര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എട്ടും പതിനാലും വയസ്സിനിടയിലുള്ള കുട്ടികളിലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ നല്‍കിയ രക്തത്തിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ച ഉണ്ടയതായി ആരോപിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആശുപത്രിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഒരു മൂന്ന് വയസുകാരിക്കും എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കള്‍ ഇരുവരും എച്ച്ഐവി പോസിറ്റീവ് ആണെന്നും, അവരില്‍ നിന്നാകാം കുട്ടിയിലേക്ക് രോഗം പകരാനിടയായതെന്നും പ്രാഥമിക നിഗമനമുണ്ട്. സംഭവത്തില്‍ രക്തബാങ്കിന്റെയും ആശുപത്രി ഭരണകൂടത്തിന്റെയും ഉത്തരവാദിത്വം പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രക്തപരിശോധന നടപടികളില്‍ ഉണ്ടായ പിഴവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.